സ്വര്‍ണവില വീണ്ടും റെക്കോര്‍ഡില്‍; ഇന്ന് പവന് കൂടിയത് 640 രൂപ

0
131

കേരളത്തിൽ സ്വർണവില റെക്കോര്‍ഡ് കുതിപ്പില്‍. ഇന്ന് പവന് 640 രൂപ കൂടി 87,560 രൂപയായി. ഗ്രാമിന് 80 രൂപ കൂടി 10,945 രൂപയായി. ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 10,930 രൂപയും പവന് 87,440 രൂപയുമെന്ന റെക്കോർഡാണ് മറികടന്നത്.

ഇന്നലെ രാവിലെ ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞെങ്കിലും ഉച്ചയ്ക്ക് വീണ്ടും കൂടി. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഉച്ചയ്ക്ക് ഉയർന്നത്. പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണം വാങ്ങുന്നതിന്  95,000 രൂപയ്ക്ക് മുകളിൽ നൽകണം. 

യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകൾ സ്വർണവിലയുടെ കുതിപ്പിന് വഴിവച്ചിരുന്നു. കഴിഞ്ഞദിവസം വില രാജ്യാന്തര വിപണിയിൽ ഔൺസിന് 3,897 ഡോളർ എന്ന റെക്കോർഡിലുമെത്തി. രാജ്യാന്തര വില നിലവിൽ ഔൺസിന് 42 ഡോളർ തിരിച്ചുകയറി 3,886 ഡോളറിലെത്തി. ഒരുഘട്ടത്തില്‍ വില 3,890 ഡോളറിലും എത്തിയിരുന്നു. ഇന്ത്യൻ രൂപ ഇന്നലെ ഡോളറിനെതിരെ 7 പൈസ താഴ്ന്ന് 88.78ൽ എത്തിയതും ആഭ്യന്തര സ്വർണവില വർധനയുടെ ആക്കംകൂട്ടി. സെപ്റ്റംബർ 30ന് കുറിച്ച 88.80 ആണ് രൂപയുടെ എക്കാലത്തെയും താഴ്ന്ന മൂല്യം.