ടിവി ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടു; പിതാവിനെ കറിക്കത്തിക്ക് കുത്തിക്കൊന്ന് മകന്‍

0
89

ടിവി ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ട പിതാവിനെ കറിക്കത്തിക്ക് കുത്തിക്കൊന്ന് മകന്‍. പൂനെയില്‍ 42കാരനായ സച്ചിന്‍ പൈഗുഡയാണ് പിതാവിനെ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഇയാള്‍ അറസ്റ്റിലായി. പിതാവ് തനാജി പൈഗുഡയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. 

ടിവി ഓഫ് ചെയ്യാനും തന്‍റെ കണ്ണില്‍ തുള്ളിമരുന്ന് ഒഴിക്കാനുമാണ് തനാജി മകനോട് ആവശ്യപ്പെട്ടത്. എന്നാല്‍ സച്ചിന്‍ ഇതിന് തയാറായില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമാവുകയായിരുന്നു. തര്‍ക്കം മുറുകിയതോടെ കോപാകുലനായ സച്ചിൻ പിതാവിനെ ആക്രമിക്കുകയും മുഖത്തും കഴുത്തിലും കുത്തുകയും ചെയ്യുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ തനാജി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

സച്ചിന്റെ അമ്മ സുമനാണ് മകനെതിരെ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കോത്‌റുഡ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.