ശരീരസൗന്ദര്യം മെച്ചപ്പെടുത്താനായി പഴങ്ങളും ജ്യൂസും മാത്രം ആഹാരമാക്കി; 27കാരിക്ക് ദാരുണാന്ത്യം

0
323

 ശരീരസൗന്ദര്യം മെച്ചപ്പെടുത്താനായി പഴങ്ങളും ജ്യൂസും മാത്രം ആഹാരമാക്കിയ 27കാരിക്ക് ദാരുണാന്ത്യം. പോളണ്ട് സ്വദേശിയായ കരോലിന ക്രിസക്കിനെയാണ് ബാലിയിലെ സംബർക്കിമ ഹിൽ റിട്രീറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്ത് ഹോട്ടല്‍ അധികൃതരെ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് കരോലിനയുടെ മരണവിവരം പുറത്തറിഞ്ഞത്.

2024 ഡിസംബർ 8 നാണ് കരോലിന ഒരു മുറി ബുക്ക് ചെയ്ത് ചെക്ക് ഇന്‍ ചെയ്തത്. പഴങ്ങൾ മാത്രമടങ്ങിയ ഭക്ഷണം വില്ലയിലേക്കെത്തിച്ചാല്‍ മതിയെന്നും കരോലിന അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമമായ ദി കട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിഥികള്‍ പലപ്പോഴും സസ്യാഹാരവും പഴങ്ങളും ആവശ്യപ്പെടാറുണ്ടെന്നും അതുകൊണ്ടുതന്നെ കരോലിനയുടെ ആവശ്യം അസാധാരണമായി തോന്നിയില്ലെന്നും ഹോട്ടലുടമ ബെർണാഡ് ഹുഡെപോൾ പറയുന്നു.

അതേസമയം അതിരൂക്ഷമായ ഭാരക്കുറവും കുഴിഞ്ഞ കണ്ണുകളും വ്യക്തമായി കാണുന്ന തോൾ എല്ലുകളും തന്നെയും ജീവനക്കാരെയും ഞെട്ടിച്ചിരുന്നുവെന്നും ബെര്‍ണാഡ് പറയുന്നു. കരോലിനയ്ക്ക് ഒറ്റയ്ക്ക് നടക്കാൻ കഴിയാത്തത്ര അവശതയുണ്ടായിരുന്നെന്നും രാത്രി ജീവനക്കാരുടെ സഹായത്തോടെയാണ് വില്ലയിലേക്കെത്തുന്നതെന്നും ഹോട്ടലുടമ.

രണ്ടുതവണ കരോലിനയോട് ഡോക്ടറെ കാണാനായി ജീവനക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ വിസമ്മതിക്കുകയായിരുന്നു. മരണത്തിനു രണ്ടു ദിവസങ്ങള്‍ക്കുമുന്‍പ് വരാന്തയില്‍ ഇരിക്കാനായി മാത്രമേ കരോലിന പുറത്തിറങ്ങിയുള്ളൂവെന്നും ജീവനക്കാര്‍ പറയുന്നു.

പിന്നാലെ കൂടുതല്‍ ക്ഷീണിതയായെന്നും കിടക്കയില്‍ നിന്നും തിരിഞ്ഞുകിടക്കാന്‍ പോലും പറ്റാത്തത്ര അവശതയായെന്നും ജീവനക്കാര്‍ പറയുന്നു. ഡിസംബര്‍ 11ന് കൂട്ടുകാരി അയച്ച സന്ദേശങ്ങള്‍ക്കൊന്നും മറുപടി ലഭിക്കാതായതോടെയാണ് അന്വേഷിച്ചത്. ഹോട്ടല്‍ ജീവനക്കാര്‍ വന്നുനോക്കുമ്പോഴാണ് കരോലിനയെ തറയില്‍ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ചർമ്മം ചാരനിറമായിരുന്നു, നിറയെ പാടുകള്‍ നിറഞ്ഞിരുന്നു, മുടി ഏതാണ്ട് വെളുത്ത നിറത്തിലുമായതായി ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു.

കൗമാരകാലം മുതൽ ശരീര സൗന്ദര്യത്തെക്കുറിച്ച് ആശങ്കകളുണ്ടായിരുന്ന വ്യക്തിയായിരുന്നു കരോലിനയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ പഴങ്ങൾ മാത്രമടങ്ങിയ ഭക്ഷണം ശീലമാക്കി. പഴങ്ങൾ മാത്രം കഴിക്കുന്ന ‘ഫ്രൂട്ടേറിയൻസ്’ എന്നറിയപ്പെടുന്ന അസംസ്കൃത സസ്യാഹാരികളായ ഇൻഫ്ലുവൻസർമാരോട് യുവതിക്ക് പ്രത്യേക താല്പര്യമുണ്ടായിരുന്നു. ശുദ്ധമായ ആഹാരം കഴിക്കുന്നത് മനസ്സിനെയും ആത്മാവിനെയും ശുദ്ധീകരിക്കുമെന്ന ‘ക്ലീൻ ഈറ്റിങ്’ തത്ത്വചിന്തയിൽ വിശ്വസിച്ച വ്യക്തിയായിരുന്നു കരോലിന. വെറും 27കിലോയായിരുന്നു കരോലിനയുടെ ഭാരം.