ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ മുന്‍ ദേവസ്വം ബോര്‍ഡിന്‍റെ നടപടിയില്‍ ദുരൂഹത. ചട്ടങ്ങള്‍ ലംഘിച്ച് സ്വര്‍ണപ്പാളി സന്നിധാനത്ത് നിന്ന് കൊണ്ടുപോകാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരമൊരുക്കിയത് 2019ലെ ദേവസ്വം ബോര്‍ഡിന്‍റെ പ്രത്യേക ഉത്തരവാണ്.
സ്വര്‍ണപ്പാളിയില്‍ നിരന്തരം നിരീക്ഷണം വേണമെന്ന് ഉത്തരവുണ്ടായിട്ടും സ്വര്‍ണപ്പാളി എങ്ങോട്ട് കൊണ്ടുപോയെന്ന് ബോര്‍ഡ് തിരക്കിയില്ല. ഇപ്പോള്‍ ഉണ്ണികൃഷ്ണനെതിരെ തിരിഞ്ഞ ഇടത് സര്‍ക്കാര്‍ നേരത്തെ അദേഹത്തെ വഴിവിട്ട് സഹായിച്ചുവെന്നതിന്‍റെ തെളിവുകളാണ് പുറത്തുവരുന്നത്.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ വില്ലനും ഗൂഡാലോചനക്കാരനുമാക്കി തടിതപ്പാനാണ് ഇപ്പോള്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രമിക്കുന്നത്. എന്നാല്‍ ഇതേ പിണറായി സര്‍ക്കാരിന്‍റെ 2019ലെ ദേവസ്വം ബോര്‍ഡിന് ഉണ്ണികൃഷ്ണന്‍ പോറ്റി വളരെ വേണ്ടപ്പെട്ടവനായിരുന്നൂവെന്ന് തെളിയിക്കുകയാണ് വിവാദത്തിന്‍റെ തുടക്കകാലത്തെ നടപടികള്‍.
2019 ജൂലായിലാണ് ശബരിമലയിലെ സ്വത്ത് സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്ന ചട്ടം മറികടന്ന് സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയത്. അതിന് അവസരമൊരുക്കിയത് ജൂലായ് 5ന് എ.പദ്മകുമാര്‍ നയിച്ച ദേവസ്വം ബോര്‍ഡ് ഇറക്കിയ അസാധാരണ ഉത്തരവാണ്. എന്തിന് വേണ്ടിയായിരുന്നു ചട്ടം ലംഘിച്ചുള്ള ഉത്തരവെന്നതാണ് ഒന്നാമത്തെ ചോദ്യം?
സ്വര്‍ണം പൂശിയ ചെമ്പ് പാളിയാണ് സന്നിധാനത്ത് നിന്ന് കൊണ്ടുപോയത്. പക്ഷെ ഉത്തരവിലെഴുതിയത് ചെമ്പ് പാളിയെന്ന് മാത്രം. സ്വര്‍ണം എന്ന വാക്ക് ഉത്തരവില്‍ മനപ്പൂര്‍വം ഒഴിവാക്കിയത് അട്ടിമറിയുടെ ഭാഗമായോന്നതാണ് അടുത്ത ദുരൂഹത.
ജൂലായ് 20ന് സന്നിധാനത്ത് നിന്ന് കൊണ്ടുപോയ സ്വര്‍ണപ്പാളി ചെന്നൈയിലെത്തിച്ചത് ഓഗസ്റ്റ് അവസാനമാണ്.ഇത്രയും ദിവസം സ്വര്‍ണപ്പാളി എവിടെയായിരുന്നു? അതിനേക്കുറിച്ച് ദേവസ്വം ബോര്‍ഡ് അന്വേഷിച്ചോ? ദുരൂഹത വര്‍ധിപ്പിക്കുന്നതാണ് ഈ ചോദ്യങ്ങളും.ഈ നടപടികളെല്ലാം തെറ്റെന്ന് മുന്‍ തിരുവാഭരണ കമ്മീഷണര്‍ വ്യക്തമാക്കിയിട്ടും അന്നത്തെ ദേവസ്വം ബോര്‍ഡോ തിരുവാഭരണ കമ്മീഷണറോ മറുപടി പറഞ്ഞിട്ടില്ല.
