പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് ജീവപര്യന്തവും 14 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. കൊല്ലം പുനലൂർ വിളക്കുടി പാപ്പാരംകോട് മാവിള പള്ളി കിഴക്കേതിൽ എം. മനുവിനെയാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി.ഡി ബൈജു ശിക്ഷിച്ചത്.
മനുവിന്‍റെ ജീവപര്യന്തം തടവ് ജീവിതാവസാനം വരെ ആണെന്ന് വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കില്‍ 3 മാസം കഠിന തടവും അനുഭവിക്കണം. പോക്സോ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പ്രസക്ത വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. ജില്ലാ ലീഗൽ സർവീസസ്സ് അതോറിറ്റി അതിജീവിതയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നു.
2022 സെപ്തംബർ മുതൽ 2023 ജനുവരി വരെയുള്ള കാലയളവിലാണ് പ്രതി 13കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്. കുന്നിക്കോട് എസ്.ഐ ഗംഗാ പ്രസാദ് രജിസ്റ്റർ ചെയ്ത കേസ് ഇൻസ്പെക്ടർ എം.അൻവറാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
…
