കരൂരില്‍ തമിഴക വെട്രി കഴകത്തിന്‍റെ റാലിക്കിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തില്‍ ആദ്യ അറസ്റ്റ്. ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഒളിവില്‍ കഴിയുമ്പോഴായിരുന്നു അറസ്റ്റ്. മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ അഞ്ചുവകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.
മതിയഴകന്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, മനുഷ്യജീവന് അപകടമുണ്ടാക്കുന്ന സാഹസിക പ്രവര്‍ത്തി, ഉദ്യോഗസ്ഥന്‍റെ ഉത്തരവ് അനുസരിക്കാതിരിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ടിവികെ നേതാക്കള്‍ക്കെതിരെ കേസെടുത്തത്.
കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നു. ശ്വാസം കിട്ടാതെയാണ് 25 പേര്‍ മരിച്ചത്. പലരുടേയും വാരിയെല്ലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നു. ആശുപത്രിയില്‍ എത്തിക്കും മുന്‍പ് പലരും മരിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിൽ വ്യാജ പ്രചാരണം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ.
രണ്ട് ടിവികെ പ്രവർത്തകരും ഒരു ബിജെപി പ്രവർത്തകനും ആണ് അറസ്റ്റിലായത്. 25 പേർക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. വ്യാജ പ്രചാരണങ്ങൾ നടത്തരുത് എന്നും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ പറഞ്ഞതിന് പിന്നാലെ ആണ് നടപടി.
കരൂരിലെ ആൾകൂട്ട ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി. അതീവ ഗുരുതരാവസ്ഥയിൽ കരൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന 65കാരി സുഗുണയാണ് ഒടുവിൽ മരണത്തിനു കീഴടങ്ങിയത്. ദുരന്ത ഭൂമിയും പരുക്കേറ്റവരേയും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സന്ദർശിച്ചു. നിലവിൽ കരൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ 48 പേരും സ്വകാര്യ ആശുപത്രികളിൽ 39 പേരും ചികിൽസയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
അതിനിടെ ജുഡീഷ്യൽ കമ്മിഷൻ രാവിലെ ആറു മണിയോടെ തന്നെ കരൂരിൽ എത്തി ദുരന്ത ഭൂമി പരിശോധിച്ചു. ദൃക്സാക്ഷികളുടെ മൊഴിയെടുത്തു. സമീപത്തെ വീടുകളിലെത്തി കാര്യങ്ങൾ ചോദിച്ചറിയുകയും ദുരന്ത ദിനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. എഎസ്‍പി പ്രേമാനന്ദന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കി ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് പൊലീസിനു സർക്കാർ നിർദേശം നൽകിയത്.
