ജിദ്ദ: സമുദ്രത്തിന്റെയും പാർക്കുകളുടെയും നഗരമായ ജിദ്ദ, 2025 ലെ ജീവിത നിലവാര സൂചികയിൽ ആഗോളതലത്തിൽ 74-ാം സ്ഥാനത്തും സൗദിയിൽ ഒന്നാം സ്ഥാനത്തും എത്തി. അറബ് ലോകത്ത് രണ്ടാം സ്ഥാനത്താണ് മുത്തശ്ശി നഗരമായ ജിദ്ദ എത്തിയിരിക്കുന്നത്. സുരക്ഷ, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം, ആധുനിക പൊതു സൗകര്യങ്ങൾ എന്നിവയിലെ തുടർച്ചയായ നേട്ടങ്ങളുടെ ഫലമായാണിത്. ജീവിതച്ചെലവ്, സുരക്ഷ, ആരോഗ്യ സംരക്ഷണം തുടങ്ങിയ വിവിധ ജീവിത നിലവാര സൂചകങ്ങളെ അടിസ്ഥാനമാക്കി നഗരങ്ങളെയും രാജ്യങ്ങളെയും റാങ്ക് ചെയ്യുന്ന ക്രൗഡ് സോഴ്സ്ഡ് ഓൺലൈൻ ഡാറ്റാബേസായ നംബിയോ ആണ് സർവ്വേ നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.
വികസന നവോത്ഥാനത്തെ നഗരവാസികൾക്കും സന്ദർശകർക്കും സേവനം നൽകുന്ന പ്രായോഗിക യാഥാർഥ്യമാക്കി മാറ്റാനുള്ള നഗരത്തിന്റെ പ്രതിബദ്ധതയാണ് നംബിയോ സൂചികയിലെ ഉയർന്ന റാങ്കിംഗ് പ്രതിഫലിപ്പിക്കുന്നത്. ജീവിത നിലവാര സൂചികയിൽ മസ്‌കത്ത് ആണ് അറബ് ലോകത്ത് ഒന്നാം സ്ഥാനത്ത്.
വിഷൻ 2030ന്റെ്റെ ഭാഗമായി ജിദ്ദയുടെ നഗര ഭൂപ്രകൃതി പുനർനിർമിക്കാൻ നിരവധി പദ്ധതികൾ ജിദ്ദ നഗരസഭനടപ്പാക്കിയിട്ടുണ്ട്. ജിദ്ദ വാട്ടർ ഫ്രന്റ് പദ്ധതിയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. പ്രത്യേക നടപ്പാതകൾ, സൈക്ലിംഗ് പാതകൾ, പൊതു ചത്വരങ്ങൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, സൗന്ദര്യാത്മക ശിൽപങ്ങൾ എന്നിവ നഗരത്തിന്റെ ആകർഷണമാണ്. അഞ്ച് ബീച്ചുകൾ നീല സമുദ്രജലത്തിന്റെ പശ്ചാത്തലത്തിലുള്ള സംയോജിത പ്രദേശമായി വ്യാപിച്ചുകിടക്കുന്നു. ഇത് കടൽ അനുഭവത്തെ നഗരത്തിന്റെ ദൈനംദിന ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാക്കുന്നു.
കടൽത്തീരങ്ങളിലെ റെസ്റ്റോറന്റുകൾ, കഫേകൾ, വിശ്രമ കേന്ദ്രങ്ങൾ, മറൈൻ സ്കാഫോൾഡിംഗ് തുടങ്ങിയ സേവന സൗകര്യങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് സന്ദർശകർക്ക് സമുദ്രത്തെ അടുത്തറിയാൻ അവസരം നൽകുന്നു. ബീച്ചുകളുടെ വൃത്തി ഉറപ്പാക്കാനും മലിനീകരണങ്ങളിൽ നിന്ന് സമുദ്ര പരിസ്ഥിതി സംരക്ഷിക്കാനുമുള്ള തുടർച്ചയായ പരിപാടികളും പദ്ധതികളിൽ ഉൾപ്പെടുന്നു. ഈ സ്ഥലങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് സാമൂഹിക അവബോധം വളർത്താനും നഗരസഭ ശ്രമങ്ങൾ നടത്തുന്നു.
വിവിധ പ്രദേശങ്ങളിലായി 445 ലധികം പാർക്കുകൾ തുറന്നിട്ടുണ്ട്. വൈവിധ്യമാർന്ന പാതകളും പൂന്തോട്ടങ്ങളും ഉൾക്കൊള്ളുന്ന അൽസജ പാർക്ക് പോലുള്ള പാർക്കുകൾ ഇതിൽ ഉൾപ്പെടുന്നു. ഇത് ഹരിത ഇട ആസൂത്രണത്തിന്റെ ജീവനുള്ള മാതൃകയെ പ്രതിനിധീകരിക്കുന്നു. ജിദ്ദയിലെ ഏറ്റവും വലിയ പാർക്ക് ആയ പ്രിൻസ് മാജിദ് പാർക്കിന് 1,30,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുണ്ട്. തണൽവിരിച്ച നടപ്പാതകളും ഫാമിലികൾക്കുള്ള കളിയുപകരണങ്ങളും ഇവിടെയുണ്ട്. വ്യത്യസ്ത പ്രായവിഭാഗത്തിൽ പെട്ടവരുടെ ഒത്തുചേരൽ കേന്ദ്രമാക്കി പ്രിൻസ് മാജിദ് പാർക്കിനെ മാറ്റുന്നു.
