12 മലയാളികളടക്കം 43 ഇന്ത്യക്കാര്‍ സഊദി ജയിലുകളിൽ; ശിക്ഷാ കാലാവധി കഴിഞ്ഞവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വൈസ് കോണ്‍സല്‍   

0
203

ജിദ്ദ: 12 മലയാളികളടക്കം 43 ഇന്ത്യക്കാര്‍ വിവിധ കേസുകളില്‍പെട്ട് ജയിലില്‍ കഴിയുന്നതായി ജിസാൻ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധിയെ അറിയിച്ചു. ജിസാന്‍ ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ രണ്ടു മലയാളികളടക്കം ഏഴ് ഇന്ത്യക്കാരാണ് ഇപ്പോഴുള്ളത് എന്നും, ജിസാന്‍ സെന്‍ട്രല്‍ ജയിലും ഡിപോര്‍ട്ടേഷന്‍ കേന്ദ്രവും സന്ദര്‍ശിച്ച ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പാസ്പോര്‍ട്ട് വിഭാഗം വൈസ് കോണ്‍സല്‍ സുനില്‍ സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ അധികൃതർ അറിയിച്ചു.

 സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയനുഭവിക്കുന്ന ഇന്ത്യന്‍ തടവുകാരില്‍ ശിക്ഷാ കാലാവധി കഴിഞ്ഞ നാലു പേരെ ഉടന്‍ നാട്ടിലയക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ഇവരുടെ യാത്രാരേഖകള്‍ ഉടന്‍ നല്‍കുമെന്നും ജയില്‍ അധികൃതരുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ചൗഹാന്‍ പറഞ്ഞു.

അതേസമയം രേഖകളില്ലാതെ അനധികൃതമായി താമസിച്ചതിന് പിടിയിലായി ഡിപ്പോർട്ടേഷൻ സെന്ററിലുള്ള രണ്ടു മലയാളികളടക്കമുള്ള 7 ഇന്ത്യക്കാർക്ക് കോൺസുലേറ്റിൽ നിന്ന് എമർജൻസി സർട്ടിഫിക്കറ്റ് തയാറാക്കി എത്രയും വേഗം ജയിൽ അധികൃതർക്ക് കൈമാറാനും തീരുമാനമായി. ക്രിമിനൽ കുറ്റകൃത്യങ്ങളിൽപെടാത്ത നിയമ ലംഘകരായ ഇന്ത്യക്കാരെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിൽ തിരിച്ചയക്കുന്നതിന് നിയമതടസ്സമില്ലെന്ന് ഡിപ്പോർട്ടേഷൻ സെന്റർ അധികൃതർ വ്യക്തമാക്കി. കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ എല്ലാ മാസവും ജിസാനിലെ ജയിലുകളും ഡിപോർട്ടേഷൻ സെന്ററും സന്ദർശിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനം ആയി.

സെന്‍ട്രല്‍ ജയിലിലുള്ള മലയാളികളില്‍ ഭൂരിഭാഗവും മയക്കുമരുന്ന് കടത്തിയതിനും മദ്യനിര്‍മ്മാണത്തിനും ശിക്ഷയനുഭവിക്കുന്നവരാണ്. ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍,രാജസ്ഥാന്‍, കാശ്മീര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരും ജയിലില്‍ ശിക്ഷ അനുഭവിക്കുന്നുണ്ട്.

കോണ്‍സുലേറ്റ് സംഘം ജിസാന്‍ സെന്‍ട്രല്‍ ജയിലെ ഉന്നത ജയില്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തുകയും ഇന്ത്യന്‍ തടവുകാരെ നേരില്‍കണ്ട് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗങ്ങളായ ശംസു പൂക്കോട്ടൂര്‍, താഹ കൊല്ലേത്ത്, സെയ്ദ് കാശിഫ് എന്നിവരും വൈസ് കോണ്‍സലിന് ഒപ്പമുണ്ടായിരുന്നു.