ഒടുവിൽ മലയാളിയെ തേടി ഭാഗ്യത്തിന്റെ ‘റിങ് ‘; ബിഗ് ടിക്കറ്റിൽ നാല് പ്രവാസികൾക്ക് ലക്ഷങ്ങൾ സമ്മാനം

0
119

അബുദാബി: ബിഗ് ടിക്കറ്റിന്റെ മൂന്നാം പ്രതിവാര ഇ-ഡ്രോയിൽ വിജയിച്ചവരിൽ മലയാളിയടക്കം രണ്ട് ഇന്ത്യക്കാർ. ആകെ നാല് പ്രവാസികളാണ് 11 ലക്ഷത്തിലേറെ രൂപ(50,000 ദിർഹം) വീതം നേടിയത്. 

മലയാളിയായ ഷിജു മുത്തൈയ്യൻ വീട്ടിൽ(39), ബെംഗളൂരുവിൽ താമസിക്കുന്ന പ്രജിൻ മലാത്ത് എന്നിവരാണ് ഇന്ത്യക്കാർ. കൂടാതെ, ഇന്തൊനീഷ്യയിൽ നിന്നുള്ള കോണി തബലൂജൻ(53), ബംഗ്ലദേശിൽ നിന്നുള്ള ഫർഹാന അക്തർ എം.ഡി. ഹാരുൺ എന്നിവരും വിജയികളായി. 

∙ എട്ട് വർഷത്തെ കാത്തിരിപ്പിന് വിരാമം, ഒടുവിൽ കോളടിച്ചു
നീണ്ട എട്ട് വർഷത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ദുബായിൽ താമസിക്കുന്ന  ഷിജുവിനെ ഭാഗ്യം തേടിയെത്തിയത്.  കുടുംബം നാട്ടിലാണ്. കഴിഞ്ഞ 13 വർഷമായി ദുബായിൽ ബാർടെൻഡറായി ജോലി ചെയ്യുന്ന ഇദ്ദേഹം നാട്ടിലുള്ള കുടുംബത്തിന്റെ പ്രതീക്ഷയാണ്. കഴിഞ്ഞ എട്ട് വർഷമായി 11 സഹപ്രവർത്തകരുള്ള ഗ്രൂപ്പിനൊപ്പമാണ് ഇദ്ദേഹം മുടങ്ങാതെ ടിക്കറ്റുകൾ എടുക്കുന്നത്.

ഈ ഫോൺ കോളിനായി ഞാൻ വളരെക്കാലമായി കാത്തിരിക്കുകയായിരുന്നു എന്ന് അഖിൽ പറഞ്ഞു. എട്ട് വർഷത്തെ ശ്രമങ്ങൾക്ക് ശേഷം ഒടുവിൽ ഇത് ലഭിച്ചപ്പോൾ അതിയായ സന്തോഷം തോന്നി. സമ്മാനത്തുക തന്റെ ഗ്രൂപ്പിലെ അംഗങ്ങളുമായി പങ്കുവച്ച് തുടർന്നും ഭാഗ്യ പരീക്ഷണം നടത്താനാണ് ഷിജുവിന്റെയും കൂട്ടുകാരുടെയും തീരുമാനം.

ഖത്തറിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന ബെംഗളൂരു സ്വദേശിയായ പ്രജിൻ മലാത്ത് 17 വർഷമായി വിദേശത്താണ് ഇദ്ദേഹം. സമ്മാനത്തുക ഉപയോഗിച്ച് ഇന്ത്യയിൽ ബിസിനസ് തുടങ്ങാനാണ്  തീരുമാനം. രാവിലെ വന്ന ബിഗ് ടിക്കറ്റ് കോൾ ജോലിത്തിരക്ക് കാരണം എടുക്കാൻ പ്രജിന് സാധിച്ചില്ല. പിന്നീട് വീണ്ടും വിളിച്ച് വിജയിച്ച വിവരം അറിയിച്ചപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഇദ്ദേഹം പറയുന്നു.

ഞെട്ടിപ്പോയി, എന്തു പറയണമെന്ന് പോലും എനിക്കറിയില്ലായിരുന്നു. ഇത്രയും വലിയൊരു തുക സമ്മാനമായി ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്നും പ്രജിൻ പറഞ്ഞു. നാല് മാസം മുൻപാണ് സുഹൃത്തുക്കൾ വഴി  ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞതും ഒരു സുഹൃത്തിനൊപ്പം ടിക്കറ്റ് എടുക്കാൻ തുടങ്ങിയതും. സമ്മാനത്തുക സുഹൃത്തുമായി പങ്കുവച്ച ശേഷം എന്റെ വിഹിതം കൊണ്ട് ഇന്ത്യയിൽ  ബിസിനസ് ആരംഭിക്കാനാണ്  പദ്ധതി.

അബുദാബിയിൽ താമസിക്കുന്ന കോണി തബലൂജൻ ഭർത്താവിന്റെ സഹപ്രവർത്തകരുമായി തുക പങ്കുവച്ച ശേഷം സ്വന്തം വിഹിതം കൊണ്ട് പുതിയ ലാപ്ടോപ്പ് വാങ്ങാൻ പദ്ധതിയിടുന്നു. ഫർഹാന അക്തർ  സമ്മാനത്തുക തന്റെ റസ്റ്ററന്റിൽ നിക്ഷേപിക്കാനും അതുപോലെ സമൂഹത്തിന് വേണ്ടി ചെലവഴിക്കാനുമാണ് ആഗ്രഹിക്കുന്നത്.