കേരള ജംഇയ്യത്തുൽ ഖുതുബയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് നാസർ ഫൈസി കൂടത്തായി

0
75

കോഴിക്കോട്: സമസ്തയിൽ ഭിന്നത രൂക്ഷമായതോടെ കേരള ജംഇയ്യത്തുൽ ഖുതുബയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് നാസർ ഫൈസി കൂടത്തായി. സംസ്ഥാന പ്രസിഡൻ്റ് കൊയ്യോട് ഉമർ മുസ്ലിയാർക്കാണ് നാസർ ഫൈസി രാജിക്കത്ത് സമർപ്പിച്ചത്. ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണമെന്ന് സമസ്തയിലെ ലീഗ് വിരുദ്ധർ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയാണ് നാസർ ഫൈസി രാജിവച്ചത്.

സംഘടനയെ ചലിപ്പിക്കാതെ മനഃപൂർവ്വം നിർജീവമാക്കുന്ന ഇടപെടലുകൾ നാസർ ഫൈസിയുടെ ഭാ​ഗന്നുനിന്ന് ഉണ്ടാകുന്നുവെന്നാണ് പ്രമേയത്തിൽ പറയുന്നത്. നിരന്തരം സമസ്താ നേതാക്കളെയും പണ്ഡിതരെയും അപമാനിക്കുന്നുവെന്നും പ്രമേയത്തിലുണ്ട്. നിരന്തരമായ ഖത്തീബ് ഉസ്താദുമാർ ഉൾപ്പടെയുള്ള ഉസ്താദുമാരെ നിസാരമാക്കുന്ന വിധത്തിലുള്ള പ്രഭാഷണങ്ങളും പ്രസ്താവനകളും നടത്തിയെന്ന് നാസർ ഫൈസിക്കെതിരായ പ്രമേയത്തിൽ പറയുന്നുണ്ട്.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയേയും അതിന്റെ നേതാക്കളെയും അവമതിക്കുകയും നിസാരവത്കരിക്കുകയും ചെയ്തു. അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന് ഒരുനിലയിലും യോഗ്യൻ അല്ലെന്ന് ആവർത്തിച്ച് തെളിയിക്കുന്നതാണ് ഈ കാരണങ്ങളെല്ലാം. അദ്ദേഹത്തെ പൂർണമായും സംഘടനാ ചുമതലകളിൽനിന്നും നീക്കണമെന്നും പ്രമേയത്തിൽ പറയുന്നുണ്ട്.