യുപിഐ എങ്ങനെയാണ് തന്റെ ഭാര്യയുടെ നഷ്ടപ്പെട്ടുപോയ ഫോൺ തിരികെ കിട്ടാൻ സഹായിച്ചത് എന്ന പോസ്റ്റുമായി യുവാവ്. റെഡ്ഡിറ്റിലാണ് യുവാവ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ‘എന്റെ ഭാര്യയുടെ ഫോൺ തിരികെ ലഭിക്കാൻ യുപിഐ സഹായിച്ചു’ എന്ന കാപ്ഷനോടെയാണ് യുവാവ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. സിം ഇട്ടിട്ടില്ലാത്ത ഫോൺ ആയിട്ടും അത് എങ്ങനെയാണ് ഒരു ഓട്ടോറിക്ഷയിൽ നിന്നും തിരികെ കിട്ടിയത് എന്ന് വിവരിക്കുന്ന ഒരു കുറിപ്പാണ് യുവാവ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
യുവാവിന്റെ പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്; ‘ഇന്ന് എനിക്കും ഭാര്യയ്ക്കും ഉണ്ടായിരിക്കുന്ന അനുഭവം അത്ഭുതത്തിൽ കുറഞ്ഞതൊന്നുമല്ല. ഇന്ന് ഞങ്ങൾ ഒരു ബാറ്ററി റിക്ഷയിൽ ഷോപ്പിംഗിന് പോയതാണ്. ഓട്ടോക്കാരന് പണം കൊടുത്ത് ഞങ്ങളിറങ്ങി. എന്നാൽ, എന്റെ ഭാര്യയുടെ ഫോൺ എങ്ങനെയോ റിക്ഷയിൽ വീണുപോയി. ഞങ്ങൾ അത് ശ്രദ്ധിക്കാതെ പോരുകയും ചെയ്തു’.
ഫോണിലാണെങ്കിൽ സിം കാർഡും ഇല്ലായിരുന്നു. അതായത് ആ ഫോണിലേക്ക് വിളിക്കാനും സാധ്യമല്ല എന്ന് അർത്ഥം. ആദ്യം ദമ്പതികൾ കരുതിയത് ഫോൺ മോഷ്ടിക്കപ്പെട്ടു എന്നാണ്. എന്നാൽ, പിന്നീടാണ് അത് റിക്ഷാ ഡ്രൈവറുടെ അടുത്തുണ്ടാകും എന്ന് തോന്നുന്നത്. എന്നാൽ, ആകെയുണ്ടായിരുന്നത് ഡ്രൈവറുടെ യുപിഐ ഐഡി മാത്രമാണ്, നമ്പറുണ്ടായിരുന്നില്ല.