സ്വർണ വില വൈകിട്ട് വീണ്ടും കൂടി; പവൻ ഒറ്റക്കുതിപ്പിൽ 85,000ന് അടുത്ത്

0
169

കേരളത്തിൽ ഇന്നു സ്വർണവിലയിൽ വീണ്ടും മാറ്റം. വൈകിട്ട് 3.25ഓടെ പവന് വീണ്ടും 1,000 രൂപ കൂടി വില 84,840 രൂപയായി. ഇന്നു രാവിലെയായിരുന്നു പവൻ ആദ്യമായി 83,000 കടന്നത്. വൈകിട്ട് 84,000വും ഭേദിച്ചു. ഒറ്റദിവസം ഇങ്ങനെ നാഴികക്കല്ലുകൾ മറികടക്കുന്നത് അപൂർവം. ഇന്നലെയും കേരളത്തിൽ രാവിലെയും ഉച്ചയ്ക്കും വില കൂടിയിരുന്നു. 

നിലവിലെ ട്രെൻഡ് തുടർന്നാൽ നാളെ രാവിലെതന്നെ വില 85,000 രൂപ കടക്കുമെന്ന് വ്യാപാരികൾ വ്യക്തമാക്കി. ഇപ്പോൾ ഔൺസിന് 44 ‍ഡോളർ വർധിച്ച് 3,874 ഡോളറിലാണ് രാജ്യാന്തര വിലയുള്ളത്. ഒരുഘട്ടത്തിൽ എക്കാലത്തെയും ഉയരമായ 3,790.69 ഡോളർ വരെയുമെത്തിയിരുന്നു. 3,800 ഡോളർ ഭേദിച്ചാലും, കേരളത്തിൽ ഇന്ന് ഇനി വില മാറ്റാൻ‌ സാധ്യതയില്ല. നാളെ രാവിലെയുള്ള വില നിർണയത്തിലാകും ഇതു പ്രതിഫലിക്കുക. 

ഡോളറിനെതിരെ രൂപയുടെ മൂല്യം 88.53 എന്ന സർവകാല താഴ്ചയിലെത്തിയതും കേരളത്തിൽ സ്വർണവില കൂടാനിടയാക്കി. ഗ്രാമിന് വൈകിട്ട് വില 125 രൂപ ഉയർന്ന് 10,605 രൂപയിലെത്തി. രാവിലെ 115 രൂപ കൂടിയിരുന്നു. ഇതോടെ ഇന്ന് ഒറ്റ ദിവസത്തെ വർധന 240 രൂപ. വെള്ളി വില ഉച്ചയ്ക്കുശേഷം മാറിയിട്ടില്ല. ചില കടകളിൽ ഗ്രാമിന് 147 രൂപ. മറ്റ് ചില അസോസിയേഷനു കീഴിലെ കടകളിൽ 144 രൂപ. 

∙ 18 കാരറ്റ് സ്വർണവില ചില ജ്വല്ലറി ഷോറൂമുകളിൽ ഗ്രാമിന് വൈകിട്ട് 110 രൂപ കൂടി എക്കാലത്തെയും ഉയരമായ 8,790 രൂപയായി.
∙ 105 രൂപ ഉയർത്തി 8,720 രൂപയാണ് മറ്റൊരുവിഭാഗം വ്യാപാരികൾ ഈടാക്കുന്നത്. 

യുഎസിൽ അടിസ്ഥാന പലിശനിരക്ക് കഴിഞ്ഞവാരം കാൽ ശതമാനം കുറച്ച കേന്ദ്രബാങ്ക് ഫെഡറൽ റിസർവ്, ഇനിയും പലിശ വെട്ടിക്കുറയ്ക്കാനുള്ള സാധ്യത ഏറിയതാണ് സ്വർണവിലയെ റോക്കറ്റിലേറ്റിയത്. പലിശ കുറയാനുള്ള സാധ്യത ഉയർന്നതോടെ ഡോളർ ഇൻഡക്സ്, യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി യീൽഡ്) എന്നിവ ദുർബലമായതും സ്വർണത്തിനു നേട്ടമായി. 

അതേസമയം, സ്വർണത്തിന്റെ കുതിച്ചുകയറ്റത്തിന് സമീപഭാവിയിലെങ്ങും ശമനമുണ്ടാവില്ലെന്ന സൂചനയാണ് സാമ്പത്തിക വിദഗ്ധർ നൽകുന്നത്. ഔൺസിന് 1,000 ഡോളറിൽ നിന്ന് 12 കൊല്ലമെടുത്താണ് രാജ്യാന്തരവില 2,000 ഡോളറിൽ എത്തിയത്. എന്നാൽ, പിന്നീട് 3,000 ഡോളറിലെത്താൻ വെറും 4 വർഷമേ വേണ്ടിവന്നുള്ളൂ. ഇനി വെറും ഒറ്റവർഷത്തിനകംതന്നെ വില 4,000 ഡോളറിലേക്ക് എത്തുമെന്ന് പ്രമുഖ രാജ്യാന്തര ബാങ്കിങ് സ്ഥാപനമായ ജെപി മോർഗന്റെ ഗ്ലോബൽ മാക്രോ റിസർച് മേധാവി ലൂയി ഒഗെയ്ൻസ് പറയുന്നു.