ഉംറ വിസക്ക് എത്തിയവർ റിട്ടേൺ ടിക്കറ്റ് നുസ്ക് പ്ലാറ്റ്ഫോമിൽ അപ്ഡേറ്റ് ചെയ്യണം

0
139

റിയാദ്: ഉംറ വിസയിൽ എത്തിയവർ മടക്ക യാത്ര നുസുക് ഉംറ ആപ്പിൽ അപ്ഡേറ്റ് ചെയ്യണമെന്ന് നിർദേശം. സഊദി അറേബ്യയിൽ എത്തി, എഴുപത് ദിവസം പിന്നിട്ടവർക്കാണ് ഇത് നിർബന്ധം. ഇവർ മടക്കയാത്രക്കുള്ള ടിക്കറ്റ് നുസ്ക് പ്ലാറ്റ്ഫോമിൽ അപ്ഡേറ്റ് ചെയ്യണമെന്ന് ഉംറ വിസ കമ്പനി ഉടമകൾ ട്രാവൽ ഏജന്റുമാരെ അറിയിച്ചു.

ഉംറ വിസയിൽ എത്തിയവർ 90 ദിവസത്തിനകം രാജ്യം വിടണമെന്നത് നിർബന്ധമാണെന്നും ഇക്കാര്യം നിർബന്ധമായും പാലിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു. ഉംറ വിസ നൽകുന്ന കമ്പനികൾക്കും ട്രാവൽ ഏജൻ്റുകൾക്കുമാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചത്. ഉംറ വിസയിലെത്തി 70 ദിവസമായി സഊദിയിൽ തങ്ങുന്നവരോട് ഉടൻ മടക്ക ടിക്കറ്റ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഉംറ കമ്പനികൾ ബന്ധപ്പെടുന്നുണ്ട്.

വിദേശത്ത് നിന്നും ഇടനിലക്കാരില്ലാതെ നേരിട്ട് ഉംറക്ക് അപേക്ഷിക്കാൻ അടുത്തിടെ സഊദി ഹജ്ജ് ഉംറ മന്ത്രാലയം. ‘നുസുക് ഉംറ’ എന്ന പേരിൽ ഡിജിറ്റൽ സംവിധാനം വഴി സേവനം തുടങ്ങിയിട്ടുണ്ട്. umrah.nusuk.sa എന്ന പ്ലാറ്റ്ഫോം വഴി ഒരു ഇടനിലക്കാരന്റെയും സഹായമില്ലാതെ നേരിട്ട് ഉംറ വിസയ്ക്ക് അപേക്ഷിക്കാനും ഉംറ നിർവ്വഹിക്കാനും സൗകര്യമൊരുക്കുന്നതാണ് പദ്ധതി. തീർഥാടകർക്ക് വിദേശത്ത് വെച്ച് നേരിട്ട് സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും. വിസകൾ, താമസം, ഗതാഗതം, പുണ്യ സ്ഥലങ്ങളിലെ സന്ദർശനം , ഗൈഡിംഗ് സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള സംയോജിത പാക്കേജുകളായും, അല്ലെങ്കിൽ നിശ്ചിത സേവനങ്ങൾ മാത്രമായോ തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നതാണ് നുസുക് ഉംറ പദ്ധതി.

തീർഥാടകന്റെ അഭിരുചിക്കും, ആഗ്രഹങ്ങൾക്കും, അഭിലാഷങ്ങൾക്കും അനുസൃതമായി പാക്കേജുകൾ തെരഞ്ഞെടുക്കാമെന്നാതാണ് ഇതിന്റെ പ്രത്യേകത. ആദ്യ ഘട്ടത്തിൽ ഏഴ് ഭാഷകളിലായാണ് സേവനം ലഭിക്കുക. ഒന്നിലധികം പേയ്മെന്റ് ഓപ്ഷനുകളും ഈ സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്. അപേക്ഷ സമർപ്പിക്കുന്നത് മുതൽ എൻട്രി വിസ നേടുന്നത് വരെയുള്ള എല്ലാ നടപടിക്രമങ്ങളും ഇലക്ട്രോണിക് രീതിയിൽ പൂർത്തിയാക്കാം എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.