വ്യക്തിപൂജ പാടില്ല എന്നാണ് ആര്‍.എസ്.എസ് പ്രത്യയശാസ്ത്രം. പക്ഷേ ആര്‍.എസ്.എസ് പ്രചാരക് ആയിരുന്ന നരേന്ദ്ര മോദിയാണ്, ഒരുപക്ഷേ ഇന്ദിരഗാന്ധി കഴിഞ്ഞാല് ഏറ്റവുമധികം വ്യക്തിപൂജ നേടുന്നയാള്‍. പ്രധാനമന്ത്രിയുടെ 75-ാം ജന്മദിനത്തില്‍ രാജ്യവ്യാപക സേവന പരിപാടികള്‍ നടത്തുകയാണ് ബി.ജെ.പി.തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ പ്രചാരണത്തിനും ഈ അവസരം ഉപയോഗിക്കുന്നു.
ഇന്നുമുതല്‍ ഒക്ടോബര്‍ രണ്ടുവരെ, അതായത് മോദിയുടെ ജന്‍മദിനം മുതല്‍ മഹാത്മാ ഗാന്ധിയുടെ ജന്മദിനം വരെ നീണ്ടുനില്‍ക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ബി.ജെ.പി. ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യതലസ്ഥാനത്ത് മാത്രം 75 വികസന പദ്ധതികള്‍ക്കാണ് തുടക്കമിടുന്നത്. 101 ആയുഷ്മാന്‍ ആരോഗ്യ കേന്ദ്രങ്ങള്‍, അഞ്ച് പുതിയ ആശുപത്രി ബ്ലോക്കുകള്‍, 150 ഡയാലിസിസ് കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറില്‍ മോദിയുടെ ബാല്യകാല ജീവിതം പരാമര്‍ശിക്കുന്ന ‘ചലോ ജീതാ ഹെ’ എന്ന ഹ്രസ്വ ചിത്രം 50,000 കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും. 75 നഗരങ്ങളില്‍ മോദി വികാസ് മാരത്തണ്‍, കായിക മേളകള്‍ എന്നിവയും സംഘടിപ്പിക്കും. പ്രാദേശിക ഉല്‍പന്നങ്ങള്‍ പ്രോല്‍സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ആത്മനിര്‍ഭര്‍ ഭാരത്, വികസിത ഭാരത് ക്യാംപെയ്ന്‍ തുടങ്ങും. ഡല്‍ഹിയില്‍ 1000 യൂണിറ്റ് രക്തം ശേഖരിക്കാന്‍ ലക്ഷ്യമിട്ടുള്ള താങ്ക് യു മോദി ജി രക്തദാന ക്യാംപ്, രാജ്യവ്യാപകമായി മെഡിക്കല്‍ ക്യാംപുകള്‍, അംഗപരിമിതര്‍ക്ക് സഹായോപകരണ വിതരണം തുടങ്ങിയവയും ജന്‍മദിനാഘോഷങ്ങളുടെ ഭാഗമാണ്.
