സ്റ്റാർലിങ്കിലും പൊട്ടൽ, പതിനായിരങ്ങൾക്ക് കണക്ഷൻ നഷ്ടമായി; മസ്കിനെ ട്രോളി സൈബർ ലോകം

0
200

അരിസോണ: ഇടതടവില്ലാത്ത അതിവേഗ ഇന്റർനെറ്റ് സേവനം എന്ന ആശ്ചര്യ വാക്കുമായി പ്രചരിപ്പിക്കപ്പെട്ട ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ നെറ്റ് സംവിധാനം പണിമുടക്കി. യുഎസിൽ മാത്രം ഇന്ന് രാവിലെ 43,000-ത്തിലധികം തടസ്സ റിപ്പോർട്ടുകൾ സമർപ്പിക്കപ്പെട്ടു.

ശതകോടീശ്വര വ്യവസായി ഇലോണ്‍മസ്‌ക് തന്റെ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലും അവതരിപ്പിക്കാൻ അനുമതി നേടിയിരിക്കെയാണ് അമേരിക്കയിലെ തടസ്സ വാർത്ത.

അവകാശ വാദങ്ങളെ കളിയാക്കിയും പ്രതിഷേധിച്ചും നെറ്റിസൺ ലോകത്ത് പരക്കെ ട്രോളുകൾ നിറയുകയാണ്. ഞായറാഴ്ചയാണ് ഡൗൺ ട്രാക്കിങ് വെബ്‌സൈറ്റുകളിൽ സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ തടസപ്പെട്ടതായി പരാതി തുടങ്ങിയത്. ഉക്രെയിനിലെ യുദ്ധ രംഗത്ത് നിന്നു വരെ പരാതിയെത്തി. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഇതിന് പിന്നാലെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നഷ്ടപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ യുഎസിലാണ് ഈ പ്രശ്‌നം കൂടുതലും നേരിട്ടത്. നേവാഡ, അരിസോണ, യൂട്ടാ തുടങ്ങിയ മേഖലയില്‍ ഡാറ്റ കിട്ടാതായി.

ഡൗൺഡിറ്റക്ടറിലെ തത്സമയ തടസ്സ ഭൂപടത്തിൽ ഫീനിക്സ്, ഡാളസ്, ഹ്യൂസ്റ്റൺ, അറ്റ്ലാന്റ, സിയാറ്റിൽ, ചിക്കാഗോ എന്നിവയുൾപ്പെടെ നിരവധി പ്രധാന യുഎസ് നഗരങ്ങളിലും നെറ്റ്‌വർക്ക് തടസ്സങ്ങൾ കാണിച്ചു.

ഫൈബര്‍ ഒപ്റ്റിക് കേബിളുകളെ ആശ്രയിക്കുന്ന ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയ്ക്കാണ് ഇത്തരം തടസ്സങ്ങളുടെ പരിമിതി ഉണ്ടാവാറുണ്ടായിരുന്നത്. ഇതിന് പകരമായാണ് ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് ഇന്റര്‍നെറ്റ് എന്ന വാഗ്ദാനവുമായി മസ്കിന്റെ സ്റ്റാര്‍ലിങ്ക് അവതരിപ്പിക്കപ്പെട്ടത്.

സേവനം തടസപ്പെട്ടതില്‍ സ്റ്റാര്‍ലിങ്ക് ഔദ്യോഗിക വിശദീകരണം നല്‍കിയില്ല. തകരാറ് സംഭവിച്ചത് സംബന്ധിച്ച് എഞ്ചിനീയർമാർ അന്വേഷണം നടത്തുന്നുണ്ടെന്ന് സ്റ്റാർ ലിങ്ക് വെബ്സൈറ്റിൽ ഒരു അറിയിപ്പ് ഹ്രസ്വമായി പ്രദർശിപ്പിച്ചിരുന്നു. പിന്നീട് പരാതിയും ട്രോളും വർധിച്ചതോടെ കൂടുതൽ വിശദീകരണമില്ലാതെ സന്ദേശം നീക്കം ചെയ്തു.

അനുമതി നേടി ഇന്ത്യയിലും സേവനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ് സ്റ്റാര്‍ലിങ്ക്. അടുത്തിടെയാണ് ടെലികോം വകുപ്പില്‍ നിന്നുള്ള യൂണിഫൈഡ് ലൈസന്‍സ് കമ്പനിക്ക് ലഭിച്ചത്. ഇന്ത്യയില്‍ സ്ഥാപിച്ച എര്‍ത്ത് സ്റ്റേഷനുകള്‍ വഴി ഇന്റര്‍നെറ്റ് ട്രാഫിക് റൂട്ട് ചെയ്യുകയാണ് ചെയ്യുന്നത്. വലിയ തുകയ്ക്കുള്ള പാക്കേജാണ് തുടക്കം പ്രഖ്യാപിച്ചിരുന്നത്. കൂട്ടായതും വലിയ അളവ് വേഗം കൂടിയ ഡാറ്റവേണ്ടവർക്കും പുതിയ അവസരം എന്നായിരുന്നു വിശേഷണം.