ഭര്‍ത്താവിന് ബോധം മറയുംവരെ മദ്യം നല്‍കി; കാമുകന്റെ സഹായത്തോടെ കൊല

0
202

ഭര്‍ത്താവിന് ബോധം മറയുംവരെ മദ്യം നല്‍കിയ ശേഷം കാമുകന്റെ സഹായത്തോടെ കൊല ചെയ്ത ഭാര്യ പിടിയില്‍. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിൽ ആണ് സംഭവം. നാഗേശ്വർ റൗണിയര്‍ ആണ് കൊല്ലപ്പെട്ടത്. വിവാഹബന്ധത്തിലെ അസംതൃപ്തിയും ഭർത്താവിൽ നിന്നുള്ള പീഡനങ്ങളും സഹിക്കാനാവാതെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് ഭാര്യ നേഹ പൊലീസിന് മൊഴി നല്‍കി. 

നാഗേശ്വറിനൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വിവാഹമോചന നടപടികൾ പുരോഗമിക്കുന്നതിനിടെയും ഭര്‍ത്താവിന്റെ ഉപദ്രവം തുടര്‍ന്നതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും നേഹ പറയുന്നു. കാമുകനായ ജിതേന്ദ്രയുടെ സഹായത്തോടെയാണ് കൊല നടത്തിയത്. നേഹ നാഗേശ്വർ റൗണിയറെ ഒരു സ്ഥലത്തേക്ക് രഹസ്യമായി വിളിച്ചുവരുത്തിയ ശേഷം ബോധം നശിക്കുംവരെ മദ്യം നൽകി. പിന്നീട് ജിതേന്ദ്രയുടെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ആയുധം ഉപയോഗിച്ച് മര്‍ദിക്കുകയും ചെയ്തു. 

കൊലപാതകം അപകടമരണമാണെന്ന് വരുത്തിത്തീര്‍ക്കാനായി ഇരുവരും മൃതദേഹം 25 കിലോമീറ്റർ ദൂരം ഒരു മോട്ടോർ ബൈക്കിൽ കൊണ്ടുപോയ ശേഷം റോഡരികില്‍ ഉപേക്ഷിച്ചു. ജിതേന്ദ്ര നേഹയുടെ കുഞ്ഞിനെ മുന്നിലിരുത്തി ബൈക്കോടിച്ചു, നേഹ ഭർത്താവിന്റെ മൃതദേഹം താങ്ങിപ്പിടിച്ച് പിന്നിലിരുന്നു. മൃതദേഹത്തിന്റെ കാല്‍ഭാഗം നിലത്തുരഞ്ഞ് മുറിവുകള്‍ പറ്റിയതായും പൊലീസ് പറയുന്നു. മൃതദേഹം ഉപേക്ഷിച്ച ശേഷം മുംബൈയിലേക്ക് രക്ഷപ്പെടാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും, മൊബൈൽ ലൊക്കേഷൻ വിവരങ്ങളും മരിച്ചയാളുടെ പിതാവ് നൽകിയ വിവരങ്ങളും അനുസരിച്ചുള്ള അന്വേഷണത്തില്‍ പാർട്ടവാളിന് സമീപത്തുവച്ച് പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

ശനിയാഴ്ച രാവിലെയാണ് നാഗേശ്വറിന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മകൻ ബൈക്കിൽ വീട്ടിൽ നിന്ന് പോയെന്നും പിന്നീട് തിരികെ വന്നില്ലെന്നുമുള്ള പിതാവ് കേശവ് രാജിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. മയക്കുമരുന്നു കേസില്‍ നാഗേശ്വര്‍ ജയിലിലായ സമയത്താണ് നേഹയും ജിതേന്ദ്രയും പ്രണയത്തിലാകുന്നത്.