ഡിവൈഎഫ്ഐ നേതാവ് ജോയലിന്‍റെ മരണം; കസ്റ്റഡി മർദനമെന്ന് ആവർത്തിച്ച് അച്ഛൻ

0
10

പത്തനംതിട്ട: അടൂരിലെ ഡിവൈഎഫ്ഐ നേതാവ് ജോയലിന്‍റെ മരണത്തിൽ നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് അച്ഛന്‍. പാർട്ടി രഹസ്യങ്ങൾ ജോയൽ പുറത്ത് പറയുമോ എന്ന ഭയംമൂലം സിപിഎം പ്രാദേശിക നേതാക്കളാണ് പൊലീസ് മർദനത്തിന് ഒത്താശ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.

സിപിഎം നേതാക്കളുടെ തട്ടിപ്പ് പുറത്ത് വരാതിരിക്കാന്‍ ജോയലിനെ മര്‍ദിച്ചത്. ജോയലിനെ സിപിഎം പുറത്താക്കിയിട്ടില്ല. പുറത്താക്കിയെന്ന് സിപിഎം പറയുന്നത് കള്ളമാണെന്നും ജോയലിന്റെ അച്ഛൻ കെ കെ ജോയ്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2020 ജനുവരി ഒന്നിന് പൊലീസ് മർദനമേറ്റ നെല്ലിമുകൾ കൊച്ചുമുകൾ ജോയൽ നാല് മാസത്തിന് ശേഷം മേയ് 22നാണ് മരിച്ചത്. സിപിഎം നേതാക്കളുടെ നിർദേശപ്രകാരം ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ അടൂർ പൊലീസ് ഇടിച്ചുകൊന്നെന്ന കുടുംബത്തിന്റെ ആരോപണം ഇന്നലെയാണ് പുറത്തുവന്നത്. കസ്റ്റഡി മർദ്ദനത്തെ തുടർന്നാണ് ജോയലിന്റെ മരണം എന്നാണ് കുടുംബം ആരോപിക്കുന്നത്.

സിപിഎം നേതാക്കളുടെ നിർദേശപ്രകാരം സി ഐ ആയിരുന്ന യു ബിജുവും സംഘവും അതിക്രൂരമായി മർദ്ദിച്ചെന്നും ഇതേതുടർന്ന് അസുഖബാധിതനായി ജോയൽ മരിച്ചതെന്നും കുടുംബം പറയുന്നു. മർദനം തടയാൻ ചെന്ന ജോയലിന്റെ പിതൃസഹോദരി കെ കെ കുഞ്ഞമ്മയെയും പൊലീസ് തല്ലിച്ചതച്ചു. 2020 ൽ നടന്ന സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

ഏറെ ദുരൂഹതയുള്ള കേസിൽ പുനരന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ ഹൃദയാഘാതത്തെ തുടർന്നാണ് ജോയൽ മരിച്ചതെന്നും പാർട്ടിക്ക് സംഭവവുമായി ഒരു ബന്ധമില്ലെന്നും സിപിഎം നേതൃത്വം പ്രതികരിച്ചു.

2020ൽ വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ജോയലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്നായിരുന്നു മര്‍ദനം. 2020 ജനുവരി ഒന്നിനാണ് ജോയലിന് മര്‍ദനമേറ്റത്. ഇതിനുശേഷം ഗുരുതരമായ ശാരീരിക പ്രശ്നങ്ങള്‍ ജോയൽ നേരിട്ടു. അഞ്ചുമാസമാണ് ചികിത്സയിൽ തുടര്‍ന്നതെന്നും മൂത്രത്തിൽ പഴുപ്പും ചോരയുമായിരുന്നുവെന്നും ജോയലിന്‍റെ പിതൃ സഹോദരി കെകെ കുഞ്ഞമ്മ പറഞ്ഞു. ശാരീരിക അവശതകളെ തുടർന്ന് 2020 മേയ് 22 നാണ് ജോയൽ മരിച്ചത്.