മംഗളൂരു: കുളൂരിനു സമീപം ദേശീയപാത 66ൽ റോഡ് അപകടത്തിൽ യുവതി മരിച്ചു. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതി റോഡിലെ കുഴിയിൽ വീണ് മറിഞ്ഞതിനു പിന്നാലെ ലോറി കയറിയാണ് മരണം. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ഉഡുപ്പി സ്വദേശിയായ മാധവി (44) ജോലിക്കുപോകുമ്പോഴാണ് കുളൂരിനും ബംഗ്ര കുളൂരിനും ഇടയിൽ ഗോൾഡ് ഫിഞ്ച് സിറ്റി ഗ്രൗണ്ട്സിനു സമീപമുള്ള റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ മറിയുന്നത്.
കുളൂർ ഫ്ലൈഓവറിനു സമീപമായിരുന്നു അപകടം. റോഡിലേക്ക് മാധവി മറിഞ്ഞു വീണതിനു തൊട്ടുപിന്നാലെ പിന്നിൽനിന്നെത്തിയ ലോറി അവരുടെ ശരീരത്തിൽകൂടി കയറുകയായിരുന്നു. മാധവി സംഭവസ്ഥലത്തു തന്നെ മരിച്ചു. കുൻദികനയിലെ എജെ ആശുപത്രിയിൽ ആയിരുന്നു മാധവി ജോലി ചെയ്തിരുന്നത്. മീനുമായി പോയ ലോറിയാണ് മാധവിയുടെ ശരീരത്തിൽക്കൂടി കയറിയത്.
റോഡിലെ കുഴിമൂലം ഇത് അഞ്ചാമത്തെ മരണമാണെന്ന് പ്രദേശവാസികൾ പറയുന്നു. നിരവധിപ്പേർ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നുണ്ട്. പലവട്ടം പരാതിപ്പെട്ടിട്ടും റോഡിലെ കുഴികൾ അടയ്ക്കാൻ അധികൃതർ തയാറാവുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. അതേസമയം, അപകടത്തിനു പിന്നാലെ ഉച്ചയ്ക്കുശേഷം അധികൃതർ സംഭവസ്ഥലത്തെ കുഴികൾ അടച്ചു.
നാഷനൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) ഉദ്യോഗസ്ഥനെതിരെയും ട്രക്ക് ഡ്രൈവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. മംഗളൂരു നോർത്ത് ട്രാഫിക് പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. അന്വേഷണം തുടരുകയാണ്.
