കെ എം സി സി സൂപ്പര്‍ കപ്പ്: പാലക്കാടിന് സുവര്‍ണ്ണ കിരീടം

റിയാദ്: ആഘോഷവും ആരവവും നിറഞ്ഞു നിന്ന രാവിൽ ദിറാബ് മലാബ് സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് ഫുട്ബോൾ പ്രേമികളെ സാക്ഷി നിർത്തി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാന്റ് – റയാൻ സൂപ്പർ കപ്പിൽ കെഎംസിസി പാലക്കാട് ജില്ല കെ എം സി സി ടീം സുവർണ്ണ കിരീടം ചൂടി. അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ കോഴിക്കോട് ജില്ല കെഎംസിസി ടീമിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് പാലക്കാട് ചാമ്പ്യന്മാരായത്.

വിസിൽ മുഴങ്ങിയ ആദ്യ നിമിഷം തൊട്ട്
ആക്രമണ ഫുട്ബോളാണ് ഇരു ടീമുകളും പുറത്തെടുത്തത്. രണ്ട് മുന്നേറ്റ നിരയും നിരന്തരം ഗോൾ ശ്രമങ്ങൾ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തുവാൻ ആർക്കും കഴിഞ്ഞില്ല. ആദ്യ പകുതി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. വർദ്ധിത ആവേശത്തോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. മുഹമ്മദ്‌ സുഹൈലും റിസ്‌വാനും അർഷദും അടങ്ങിയ പാലക്കാടിന്റെ മുന്നേറ്റ നിര നിരന്തരം കോഴിക്കോടിന്റെ ഗോൾ മുഖത്ത് ഭീതി സൃഷ്ടിച്ചു കൊണ്ടേയിരുന്നു. കളിയുടെ അൻപത്തി ഒൻപതാം മിനിറ്റിൽ അതിന് ഫലവും കണ്ടു.

മധ്യനിരയിൽ നിന്ന് സുഹൈലിനെ ലക്ഷ്യമാക്കി നൽകിയ നീളൻ പാസ് തടയുവാൻ കോഴിക്കോടിന്റെ പ്രതിരോധനിര താരവും ഗോൾ കീപ്പറും മുന്നോട്ട് വന്നപ്പോൾ അവർക്കിടയിലുണ്ടായ ആശയക്കുഴപ്പം മുതലെടുത്ത് സുഹൈലുതിർത്ത മനോഹരമായ ഷോട്ട് ഗോൾ വല തൊട്ടു.
ഗോൾ വീണതോടെ ഉണർന്നു കളിച്ച കോഴിക്കോട് ടീം നിരന്തരം പാലക്കാടിന്റെ ഗോൾ പോസ്റ്റിന് മുമ്പിൽ പരീക്ഷണങ്ങൾ തുടർന്നു. തഷിൻ റഹ്മാനും ജിഫ്രി അരീക്കനും ഹനീഫയും സാധ്യമായ മുഴുവൻ കളിയും പുറത്തെടുത്തിട്ടും ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. കളിയുടെ അവസാന നിമിഷത്തിൽ പാലക്കാടിന്റെ ഗോൾ കീപ്പറേയും മറികടന്നു ഗോളെന്നുറച്ച പന്ത് പാലക്കാടിന്റെ പ്രതിരോധ നിര താരത്തിന്റെ അവസരോചിത ഇടപെടലിൽ ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി. ലോങ്ങ് വിസിൽ മുഴങ്ങുമ്പോൾ ടൂർണമെന്റിൽ അപരാജിത കുതിപ്പ് നടത്തിയ പാലക്കാട് ചരിത്രത്തിൽ ഏറ്റവും മനോഹരമായ റിയാദ് കെഎംസിസി ഫുട്ബോളിന്റെ സൂപ്പർ കപ്പിന് അവകാശികളായി.

ടൂർണമെന്റിലെ മികച്ച ടീമിനുള്ള പുരസ്കാരത്തിന് കാസർകോട് ജില്ല കെഎംസിസി ടീം അർഹരായി.
പാലക്കാടിന്റെ കളിക്കാരായ മുഹമ്മദ്‌ സുഹൈൽ ടൂർണമെന്റിലെ മികച്ച കളിക്കാരനായും ഫാസിൽ മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ജില്ല കെഎംസിസിയുടെ ഫാസിലാണ് കൂടുതൽ ഗോളുകൾ നേടിയ താരം. മികച്ച പ്രതിരോധ നിര താരമായി കോഴിക്കോടിന്റെ മുഹമ്മദ് കൗഫിനേയും തെരഞ്ഞെടുത്തു.

മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം, മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഹാരിസ് ബീരാൻ എം. പി, മാധ്യമ പ്രവര്‍ത്തകനും പ്രമുഖ കളിയെഴുത്തുകാരനുമായ കമാൽ വരദൂർ, ദളിത്‌ ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ. പി ബാബു, കെഎംസിസി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി. പി മുസ്തഫ, ജനറൽ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര, അൽ റയാൻ പോളി ക്ലിനിക്ക് എം. ഡി മുഷ്ത്താഖ് മുഹമ്മദ്‌ അലി, അഡ്വ. അനീർ ബാബു, സത്താർ താമരത്ത്, നജീബ് നല്ലാംങ്കണ്ടി, അസീസ് വെങ്കിട്ട, പി. സി അലി, അബ്ദുറഹ്മാൻ ഫറൂഖ് എന്നിവർ വിജയികൾക്കുള്ള ട്രോഫിയും പ്രൈസ് മണിയും സമ്മാനിച്ചു.

സിറ്റി ഫ്‌ളവർ എച്ച്. ആർ മാനേജർ സ്വാലിഹ് അബ്ദുള്ള ഹംസ, എ ബി സി കാർഗോ ഡയരക്ടർ സലീം അബ്ദുൽ ഖാദർ, ഔട്ട് റൈറ്റ് ഗ്ലോബൽ എം. ഡി ജസീർ, എ ജി സി കാർ ആക്സസറീസ് എം. ഡി അലി, ശാഹുൽ അൻവർ മോഡേൺ സർക്യൂട്ട്, ജയ് മസാല മാർക്കറ്റിംഗ് മാനേജർ മണിക്കുട്ടൻ, അൽ ബിനിയ ബ്യൂട്ടി പാർലർ ഹെഡ് സ്റ്റീഫൻ, സഫ മക്ക പോളിക്ലിനിക്ക് എച്ച്. ആർ മാനേജർ ഇല്ല്യാസ് മറുകര, ലിയാഖത്ത് വെസ്റ്റേൺ യൂണിയൻ ബ്രാഞ്ച് മാനേജർ, ബഷീർ ഐ ബി ടെക്, ബഷീർ പാരഗൺ, ശർഗാവി ലോജിസ്റ്റികിസ് എം. ഡി മുഹമ്മദ് മഷ്ഹൂദ്, സിറാജ് അത്തോളി- അൺലോക്ക്, നജ്മുദ്ധീൻ മഞ്ഞളാം കുഴി- റോയൽ മിറാജ്, റീവ് കൺസൾട്ടന്റ് ഡയറക്ടർ റാഷിദ്‌ എൻ. എം, മാൻഗോ സിറ്റി മാനേജർ ഷബീർ ഓതായി എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.