ഇന്ന് ശ്രീനാരായണ ഗുരു ജയന്തി; വിവിധങ്ങളായ ആഘോഷ പരിപാടികള്‍

0
25

കൊച്ചി: ഇന്ന് ശ്രീനാരായണ ഗുരുവിന്റെ 171ാം ജന്മദിനം. ജയന്തിയുടെ ഭാഗമായി നാടെങ്ങും വിവിധങ്ങളായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ഗുരുവിൻ്റെ ജന്മഗൃഹമായ ചെമ്പഴന്തി വയൽവാരം വീട് സ്ഥിതി ചെയ്യുന്ന ചെമ്പഴന്തി ഗുരുകുലത്തിലും ശിവഗിരിയിലെ മഹാസമാധിയിലും വിപുലമായ ആഘോഷങ്ങൾ നടക്കും. ശ്രീനാരായണ ഗുരുകുലത്തിൽ വൈകിട്ട്‌ 6.30ന്‌ നടക്കുന്ന ജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

‘അവനവനാത്മസുഖത്തിന്നായാചരിപ്പതു അപരനുമാത്മാസുഖത്തിന്നായിവരേണം’ എന്ന മാനവിക ദർശനം മുന്നോട്ടുവച്ച ഗുരു കേരളത്തിലെ ജനതയുടെ സ്വത്വ നിർമാണത്തില്‍ ഒരു നാവികന്‍ കണക്കിന് നിലകൊണ്ടു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും മുന്നില്‍ നിന്ന ഗുരു മലയാളിയെ ആത്മീയമായും സാക്ഷരരാക്കി. അയിത്തം കൊണ്ട് ദൂരം പാലിച്ചിരുന്ന ഒരു സമൂഹത്തെ ഒരുമിച്ച് ചേർക്കുന്ന കണ്ണിയായ ഗുരു, മനുഷ്യന്‍ എന്ന ഒരു ജാതിയിലേക്ക് വളരാന്‍ മലയാളക്കരയോട് പറഞ്ഞു.

1856 ഓഗസ്റ്റ് 22 ന് (മലയാള വർഷം 1032 ചിങ്ങം) തിരുവനന്തപുരത്തിനടുത്തുള്ള ചെമ്പഴന്തി എന്ന ഗ്രാമത്തില്‍ മാടന്‍ ആശാന്റെയും കുട്ടിയമ്മയുടെയും മകനായിട്ടാണ് ജനനം. നാരായണനെ എല്ലാവരും സ്നേഹപൂർവം ‘നാണു’ എന്നാണ് വിളിച്ചുപോന്നിരുന്നത്. 15ാം വയസില്‍ അമ്മയെ നഷ്ടമായി.

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 21ാം വയസില്‍ മധ്യ തിരുവിതാംകൂറിലെ പുതുപ്പള്ളി വാരണപ്പള്ളി കുടുംബത്തിലെ മഹാനായ സംസ്കൃത പണ്ഡിതനായ രാമൻ പിള്ള ആശാന്റെ ശിഷ്യനായി. തന്റെ ഗ്രാമത്തില്‍ തന്നെയുള്ള കാളിയമ്മയെ വിവാഹം ചെയ്തു. എന്നാല്‍ പിതാവിന്റെ മരണ ശേഷം ആത്മീയ അന്വേഷണങ്ങള്‍ക്കായി യാത്ര ആരംഭിച്ചു. ഈ യാത്രയിലാണ് അദ്ദേഹം ചട്ടമ്പി സ്വാമികളെ കാണുന്നതും അതുവഴി തൈക്കാട്ട് അയ്യാവിനെ പരിചയപ്പെടാന്‍ ഇടയാകുന്നതും. പിന്നീടുള്ള ഗുരുവിന്റെ ആത്മീയ ജീവിതത്തിന് ഊർജമായത് ഈ പരിചയപ്പെടലാണ്.

പ്രായശ്ചിത്തമായി കണക്കാക്കാം, ആഗോള അയ്യപ്പ സംഗമത്തെ രാഷ്ട്രീയവും സ്ത്രീ വിഷയവും പറഞ്ഞ് എതിര്‍ക്കരുത്: വെള്ളാപ്പള്ളി
സന്യാസം സമൂഹത്തില്‍ നിന്ന് അകന്നുള്ള അന്വേഷണമാണെന്ന ചിന്താഗതി ആയിരുന്നില്ല ശ്രീനാരായണന് ഉണ്ടായിരുന്നത്. വൈദികതാന്ത്രിക സമ്പ്രദായങ്ങളുടെ വഴിവിട്ട് 1888 മുതൽ 1912വരെ ഗുരു വിവിധങ്ങളായ പ്രതിഷ്ഠകള്‍ നടത്തി.

അതില്‍ അരുവിക്കരയിലെ ശിവനും കണ്ണാടി പ്രതിഷ്ഠയും ഉള്‍പ്പെടുന്നു. താന്‍ പ്രതിഷ്ഠിച്ചത് ‘ഈഴവ ശിവനെ’ ആണ് എന്ന് പറയാന്‍ ഗുരു മടിച്ചില്ല. കണ്ണാടി പ്രതിഷ്ഠയില്‍ വിശ്വാസികള്‍ കണ്ടത് അവരിലെ ദൈവത്വത്തെ തന്നെ. എന്തുകൊണ്ട് ഗുരു കുരിശ് സ്ഥാപിച്ചില്ല എന്നും ചോദ്യം ഉയർന്നു. “ഹിന്ദുമതവിശ്വാസികളായ ചിലർ നമ്മെ സമീപിച്ച്‌ അവരുടെ മതത്തിലെ ചില ബുദ്ധിമുട്ടുകൾ അറിയിച്ചു. അതിന്‌ പരിഹാരമായി നാം ചിലതു ചെയ്യുകയും ചെയ്തിട്ടുണ്ട്‌. അതുപോലെ ക്രിസ്ത്യാനികളോ മൊഹമ്മദീയരോ നമ്മെ സമീപിച്ചാൽ നമ്മാലാവുന്നത്‌ അവർക്കുവേണ്ടിയും ചെയ്യുന്നതാണ്‌,” എന്നായിരുന്നു മറുപടി. ഇതില്‍ നിന്ന് തന്നെ ഗുരുവിന്റെ നിലപാട് വ്യക്തം.