വ്യാജ ജഡ്ജിയെയും സാക്ഷിയെയും ഒരുക്കി സൈബർ സംഘം; വീട്ടമ്മയ്ക്ക് 2.88 കോടി നഷ്ടം

0
12

കൊച്ചി: സൈബർ തട്ടിപ്പില്‍ വീട്ടമ്മയ്ക്ക് 2.88 കോടി രൂപ നഷ്ടപ്പെട്ടു. മട്ടാഞ്ചേരി ആനവാതിൽ സ്വദേശിയായ അൻപത്തിയൊൻപതുകാരിയെയാണു സൈബർ തട്ടിപ്പു സംഘം ഭീഷണിപ്പെടുത്തി തുക തട്ടിയെടുത്തത്. രണ്ടു മാസത്തോളമെടുത്തായിരുന്നു തട്ടിപ്പ് അരങ്ങേറിയത്. തട്ടിപ്പു സംഘത്തിന്റെ ഭാഗത്തുനിന്ന് ഏറെ മാനസിക സമ്മർദ്ദങ്ങൾ നേരിട്ട വീട്ടമ്മ മട്ടാഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

എല്ലാം യഥാർഥത്തിലുള്ളതാണെന്നു വരുത്താൻ വ്യാജ കോടതിയും വ്യാജ ജഡ്ജിയും വ്യാജ സാക്ഷിയും വരെ സൈബർ തട്ടിപ്പു സംഘം ഒരുക്കിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈ ആദ്യമാണു സംഭവവികാസങ്ങളുടെ തുടക്കം. മുംബൈയിലെ തിലക് നഗർ പൊലീസ് സ്റ്റേഷനിൽനിന്നാണെന്നു പറഞ്ഞ് വീട്ടമ്മയ്ക്ക് ഫോൺ കോള്‍ എത്തുന്നു. സന്തോഷ് റാവു എന്നു പരിചയപ്പെടുത്തിയ ആളായിരുന്നു മറുതലയ്ക്കൽ.

ജെറ്റ് എയർ‍വേസുമായി ബന്ധപ്പെട്ട കള്ളപ്പണ കടത്തു കേസിൽ വീട്ടമ്മയ്ക്കു പങ്കുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട് എന്നായിരുന്നു ഭീഷണി. മുംബൈയിലുള്ള അക്കൗണ്ടിൽ രണ്ടു കോടി രൂപയുണ്ടെന്നും ഇതിൽ 25 ലക്ഷം വീട്ടമ്മയ്ക്കുള്ള കമ്മിഷനാണെന്ന് കണ്ടെത്തി എന്നും അവർ പറഞ്ഞു. പിന്നാലെ പതിവു തന്ത്രങ്ങൾ തന്നെയായിരുന്നു തട്ടിപ്പു സംഘം ഒരുക്കിയതും.

വീട്ടമ്മയെ വെർച്വൽ അറസ്റ്റ് ചെയ്ത ‘പൊലീസ്’ ഓൺലൈൻ വഴി ‘കോടതി’യിലും ഹാജരാക്കി. ഇവിടെ ജഡ്ജിയും വക്കീലും എല്ലാം ഹാജരായിരുന്നു. തുടർന്ന് വീട്ടമ്മ ഇതുവരെ കണ്ടിട്ടു പോലുമില്ലാത്ത ഒരു സ്ത്രീ സാക്ഷിയായി കോടതിയിെലത്തി. വീട്ടമ്മയ്ക്കും തട്ടിപ്പിൽ പങ്കുണ്ടെന്നായിരുന്നു ഇവരുടെ ആരോപണം. പിന്നീട് വെർച്വൽ അറസ്റ്റിൽനിന്നു മോചിപ്പിച്ച് അക്കൗണ്ടിലുള്ള പണം കൈമാറ്റാൻ ചെയ്യാൻ സംഘം നിര്‍ദേശം നൽകി. ജൂലൈ 10 മുതൽ പല സമയങ്ങളിലായി ലക്ഷങ്ങൾ കൊടുത്തുകൊണ്ടിരുന്നു. കൂടുതൽ കുഴപ്പത്തിലാകാതിരിക്കാൻ വീണ്ടും പണമാവശ്യപ്പെട്ടതോടെ സ്വർണം പണയം വച്ച് 62 ലക്ഷം രൂപ നൽകി. ഇത്തരത്തിൽ 2.88 കോടി രൂപയാണു വീട്ടമ്മയിൽനിന്ന് സംഘം തട്ടിയെടുത്തത്. ബാങ്കുകാർ ഉൾപ്പെടെ ആരോടും സംഭവിച്ച കാര്യങ്ങൾ പറയരുതെന്നും തട്ടിപ്പുകാർ നിഷ്കർഷിച്ചിരുന്നു. 

വലിയ തോതിൽ പണം പിൻവലിക്കുന്നത് ആശുപത്രി ആവശ്യങ്ങൾക്കാണെന്നു പറയണമെന്നായിരുന്നു ഇവരുടെ നിർദേശം. പണം മുഴുവൻ കൈമാറ്റം കഴിഞ്ഞതോടെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പോയാൽ അവിടെനിന്ന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടുമെന്നും സംഘം വീട്ടമ്മയെ അറിയിച്ചു. ഇതനുസരിച്ച് ഈ സർട്ടിഫിക്കറ്റ് വാങ്ങാനായി സ്റ്റേഷനിൽ എത്തി കാര്യങ്ങൾ കേട്ടപ്പോഴാണ് വമ്പൻ സാമ്പത്തിക തട്ടിപ്പാണു നടന്നിരിക്കുന്നതെന്നു വ്യക്തമാകുന്നത്