കെന്റക്കി: അമേരിക്കയിൽ 78 വയസ്സുകാരിയെ കടന്നുപിടിച്ച സംഭവത്തിൽ 13 വയസ്സുകാരൻ അറസ്റ്റിൽ. ലൂയിസ്വില്ലെയിലെ വീടിന് പുറത്ത് ഇരിക്കുകയായിരുന്ന ജാൻ ഫ്ലെച്ചറിനാണ് ദുരനുഭവം നേരിട്ടത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
സമീപത്തെ പാർക്കിലേക്കുള്ള വഴി ചോദിച്ചാണ് 13 വയസ്സുള്ള കുട്ടി വൃദ്ധയെ സമീപിച്ചത്.പിന്നീട് കുട്ടി വൃദ്ധയുടെ പിൻവശത്ത് പല തവണ സ്പർശിക്കുകയായിരുന്നു. ഞെട്ടലോടെ ദുരനുഭവം നേരിട്ട വൃദ്ധ എത്രയും വേഗം ഇവിടെ നിന്ന് പോകാൻ കുട്ടിയോട് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് കുട്ടി സംഭവസ്ഥലത്ത് നിന്ന് പോയത്. ആരെങ്കിലും വീട്ടിനുള്ളിൽ ഉണ്ടോയെന്നും കുട്ടി അന്വേഷിച്ചിരുന്നതായി വൃദ്ധ വെളിപ്പെടുത്തി.
ലൂയിസ്വില്ലെ മെട്രോ പൊലീസ് പീഡനശ്രമം ചുമത്തിയാണ് 13 വയസ്സുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവം നടന്ന പ്രദേശത്ത് താമസിക്കുന്ന വ്യക്തിയല്ല പ്രതിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് കുട്ടി തന്നെ അനുചിതമായി സ്പർശിക്കാൻ തീരുമാനിച്ചതെന്ന ഞെട്ടലിലാണ് ജാൻ ഫ്ലെച്ചർ. വിചിത്രമായ സംഭവത്തിൽ അസ്വസ്ഥയായിട്ടും തനിക്ക് ഭയമില്ലെന്ന് ജാൻ ഫ്ലെച്ചർ പറഞ്ഞു.
55 വർഷമായി ജാൻ ഫ്ലെച്ചർ ഈ വീട്ടിലാണ് താമസിക്കുന്നത്. മികച്ച അയൽക്കാരുള്ള ശാന്തമായ പ്രദേശമാണിത്. എന്തുകൊണ്ടാണ് എന്നെ തൊടാൻ തീരുമാനിച്ചതെന്ന് വിശദീകരിക്കണമെന്നും ക്ഷമാപണം നടത്തണമെന്നും വൃദ്ധ കുട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.