സഹപ്രവർത്തകയുമായി രഹസ്യബന്ധം; അന്വേഷണത്തിനൊടുവിൽ സിഇഒയെ പുറത്താക്കി നെസ്​ലെ

0
21

സഹപ്രവർത്തകയുമായുള്ള രഹസ്യ ബന്ധം പുറംലോകമറി​ഞ്ഞ് അസ്‌ട്രോണമര്‍ കമ്പനി സിഇഒ ആന്‍ഡി ബൈറണ്‍ പുറത്തായ സംഭവത്തിനു പിന്നാലെ കോർപറേറ്റ് ലോകത്തുനിന്ന് സമാനമായ മറ്റൊരു സംഭവം കൂടി.

കീഴുദ്യോഗസ്ഥയുമായി രഹസ്യ ബന്ധം സൂക്ഷിച്ചതിന് സിഇഒ ലോറന്റ് ഫ്രീക്സിയെ പുറത്താക്കിയിരിക്കുകയാണ് സ്വിറ്റ്സർലൻഡിൽ നിന്നുള്ള ആഗോള ഭക്ഷ്യോൽപന്ന ബ്രാൻഡായ നെസ്​ലെ. അന്വേഷണത്തിനൊടുവിലാണ് സിഇഒയെ പുറത്താക്കിയതെന്നു നെസ്​ലെ അറിയിച്ചു. ഉപബ്രാൻഡായ നെസ്പ്രെസ്സോയുടെ സിഇഒ ഫിലിപ്പ് നവ്​രാറ്റിലിനെ കമ്പനിയുടെ പുതിയ സിഇഒ ആയി നിയമിക്കുകയും ചെയ്തു.

കമ്പനിയുടെ പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് കീഴുദ്യോഗസ്ഥയുമായി രഹസ്യ പ്രണയബന്ധത്തിലേർപ്പെട്ടതിനാണ് ലോറന്റ് ഫ്രീക്സിയെ പുറത്താക്കിയതെന്ന് നെസ്‌ലെ പ്രസ്താവനയിൽ പറഞ്ഞു. ഇത് അത്യാവശ്യമായ തീരുമാനമാണ്. നെസ്‌ലെയുടെ മൂല്യങ്ങളും ഭരണനിർവഹണവുമാണ് കമ്പനിയുടെ അടിത്തറ. വർഷങ്ങളുടെ സേവനത്തിന് ലോറന്റ് ഫ്രീക്സിക്ക് നന്ദി അറിയിക്കുന്നു –കമ്പനി ചെയർമാൻ പോൾ ബൾക്ക് പറഞ്ഞു. 

40 വർഷത്തോളം നീണ്ട സേവനത്തിനൊടുവിലാണ് ലോറന്റ് ഫ്രീക്സിക്ക് നെസ്‌ലെയിൽനിന്നു പടിയിറിങ്ങേണ്ടിവന്നത്. 1986ൽ കമ്പനിയിലെത്തിയ ഫ്രീക്സി 2014 വരെ യൂറോപ്പിലെ പ്രവർത്തനങ്ങളുടെ മേധാവിയായിരുന്നു. പിന്നീട് ലാറ്റിൻ അമേരിക്കൻ ഡിവിഷനെയും നയിച്ച ശേഷമാണ് സിഇഒ സ്ഥാനത്തെത്തിയത്. സിഇഒക്ക് ജീവനക്കാരിയുമായി ബന്ധമുണ്ടെന്ന കാര്യം കമ്പനി ചെയർമാൻ പോൾ ബൾക്കിന്റെ മേൽനോട്ടത്തിൽ സ്വതന്ത്ര ഡയറക്ടർ പാബ്ലോ ഇസ്​ല അന്വേഷിച്ചിരുന്നു. ഇതിനു പിന്നാലെയാണു പുറത്താക്കൽ നടപടി. 

കഴിഞ്ഞ ജൂലൈയിലാണ് ഡാറ്റാ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയായ അസ്‌ട്രോണമറിന്റെ സിഇഒ ആന്‍ഡി ബൈറണും കമ്പനിയുടെ എച്ച്ആര്‍ മേധാവി ക്രിസ്റ്റിന്‍ കബോട്ടും തമ്മിലുള്ള ബന്ധം പുറത്തറിഞ്ഞ് വിവാദമായതും ഒടുവിൽ സിഇഒ സ്ഥാനം രാജിവച്ചതും. കോൾഡ് പ്ലേ സംഗീത പരിപാടിക്കിടെ ഇരുവരും ചേർത്തുപിടിച്ചു നിൽക്കുന്ന ദൃശ്യങ്ങൾ ലൈവ് വിഡിയോയിലൂടെ സ്ക്രീനിൽ കാണിക്കുകയായിരുന്നു.