30 സെക്കന്‍ഡ്, മൂന്ന് ചോദ്യങ്ങള്‍; ഇന്ത്യന്‍ ഡോക്ടര്‍ക്ക് അമേരിക്കന്‍ വിസ കിട്ടിയത് ശ്രദ്ധേയമാകുന്നു

0
35

കൊല്‍ക്കത്ത: പലരും ഒരു രാജ്യത്തിന്റെ വിസ സംഘടിപ്പിക്കാന്‍പ്രയാസപ്പെടാറുണ്ട്. നിയമ, സാങ്കേതിക, രാഷ്ട്രീയ കാരണങ്ങളുടെ നൂലാമാലകളില്‍ അകപ്പെട്ട് വിസ കിട്ടാതെപോയ എത്രയോ പേരെ കാണാം. എന്നാല്‍ ഇന്ത്യക്കാരനായ ഒരു ഡോക്ടര്‍ അമേരിക്കന്‍ വിസയൊക്കെ നിസ്സാരമെന്ന ഭാവത്തിലാണ്.

തനിക്ക് അമേരിക്കന്‍ ടൂറിസ്റ്റ് വിസ ലഭിക്കാന്‍, മൂന്ന് ചോദ്യങ്ങള്‍ ഉള്‍പ്പെടെ 30 സെക്കന്‍ഡ് സമയമേ വേണ്ടിവന്നുള്ളൂവെന്നാണ് യുവ ഡോക്ടര്‍ പറഞ്ഞത്. റെഡിറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമില്‍ ഡോക്ടര്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

‘കൊല്‍ക്കത്ത സ്വദേശിയായ തനിക്ക് B1/ B2 വിസിറ്റര്‍ വിസ ലഭിച്ചു, അതിന് രേഖകളൊന്നും പരിശോധിച്ചില്ല. 2025 ഡിസംബറില്‍ തനിച്ച് യാത്രചെയ്യാനാണ് വിസയ്ക്ക് അപേക്ഷിച്ചത്. കൗണ്ടറിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ 3 ചോദ്യങ്ങള്‍ മാത്രമാണ് ചോദിച്ചത്.’ അദ്ദേഹം പറഞ്ഞു.

സാമ്പത്തികവും തൊഴിലും സംബന്ധിച്ച രേഖകള്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമെന്ന് കരുതിയിരുന്നു. അതെല്ലാം ശരിയാക്കിയാണ് അഭിമുഖത്തിന് പോയത്. എന്നാല്‍ അവര്‍ അതൊന്നും ചോദിച്ചില്ല. എന്താണ് ജോലി, എന്തിനാണ് അമേരിക്കയില്‍ പോകുന്നത്, അവിടെ കുടുംബാംഗങ്ങള്‍ ആരെങ്കിലുമുണ്ടോ എന്നൊക്കെ ആയിരുന്നു ചോദ്യങ്ങള്‍. ഒരു കോര്‍പറേറ്റ് ആശുപത്രിയില്‍ അത്യാഹിത പരിചരണ വിഭാഗത്തില്‍ ജോലിചെയ്യുന്ന ഡോക്ടറാണ്.

ന്യൂയോര്‍ക്കില്‍ പുതുവത്സരം ആഘോഷിക്കാനാണ് പോകുന്നത്. അവിടെ കുടുംബക്കാരോ ബന്ധുക്കളോ ഇല്ലെന്നും പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ വിസ അംഗീകരിച്ചെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. 32-കാരനായ താന്‍ മുമ്പ് പല രാജ്യങ്ങളിലും ‘സോളോ ട്രാവല്‍’ ചെയ്തിട്ടുണ്ട്. ഒരിക്കല്‍ ഉപയോഗിച്ച യുകെ വിസ, രണ്ട് തവണ ഉപയോഗിച്ച ഷെന്‍ഗന്‍ വിസ, രണ്ട് തായ്‌ലന്‍ഡ് അറൈവല്‍ വിസ എന്നിവ തനിക്കുണ്ട്.

അതോടൊപ്പം അഞ്ചര ലക്ഷം രൂപ ലിക്വിഡ് സേവിങ്‌സും മൂന്നുമാസത്തെ സാലറി സ്ലിപ്പുകളും അഭിമുഖത്തിനായി കരുതിയിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഡോക്ടര്‍ക്ക് വളരെ വേഗം വിസ ലഭിച്ചതിനെ ചൊല്ലി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ സജീവമാവുകയാണ്. അദ്ദേഹത്തിന് അമേരിക്കയില്‍ കുടുംബക്കാരും ബന്ധുക്കളുമൊന്നുമില്ലാത്തതാണ് വിസ വേഗത്തില്‍ ലഭ്യമാക്കിയത്, പല രാജ്യങ്ങളിലും യാത്രചെയ്തത് അദ്ദേഹത്തിന് തുണയായി തുടങ്ങിയ രീതിയിലാണ് സംസാരങ്ങള്‍ നീണ്ടുപോവുന്നത്.