ഓഫീസിൽ ബീഫ് കഴിക്കരുതെന്ന് റീജിയണൽ മാനേജർ; ‘ബീഫ് ഫെസ്റ്റ്’ പ്രതിഷേധവുമായി ബാങ്ക് ജീവനക്കാർ

0
178

കൊച്ചി: കാന്റീനിലും ഓഫീസിലും ബീഫ് നിരോധിച്ചതിന് പിന്നാലെ വ്യത്യസ്ത പ്രതിഷേധവുമായി കാനറ ബാങ്ക് ജീവനക്കാർ. റീജിയണൽ ഓഫീസിന് മുന്നിൽ ബീഫ് ഫെസ്റ്റ് നടത്തിയായിരുന്നു ഉദ്യോഗസ്ഥർ പ്രതിഷേധിച്ചത്. ഓഫീസിൽ ബീഫ് വിളമ്പാൻ പാടില്ലെന്ന ബിഹാർ സ്വദേശിയായ റീജിയണൽ മാനേജറിൻ്റെ ഉത്തരവിന് പിന്നാലെയാണ് ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഉദ്യോഗസ്ഥരോടുള്ള മോശം പെരുമാറ്റത്തിനെതിരെ പ്രതിഷേധിക്കാനായിരുന്നു ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഇഎഫ്ഐ) ആദ്യം തീരുമാനിച്ചത്. എന്നാൽ ബീഫ് നിരോധനം കൂടി ഉണ്ടെന്നറിഞ്ഞതോടെ, ജീവനക്കാർ റീജിയണൺ ഓഫീസിന് മുന്നിൽ പ്രതിഷേധം കടുപ്പിച്ചു.

“ഇവിടെ ഒരു ചെറിയ കാന്റീന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആഴ്ചയിൽ ഒന്നോ രണ്ടോ, ദിവസങ്ങളിലാണ് ബീഫ് വിളമ്പുന്നത്. ഇനി ബീഫ് വിളമ്പരുതെന്ന് കാന്റീന്‍ ജീവനക്കാരെ മാനേജര്‍ അറിയിച്ചു. ഭരണഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഈ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ഭക്ഷണം വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ഇന്ത്യയില്‍, ഓരോ വ്യക്തിക്കും അവരുടെ ഭക്ഷണം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. ആരെയും ബീഫ് കഴിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കുന്നില്ല. ഇത് ഞങ്ങളുടെ പ്രതിഷേധത്തിന്റെ ഒരു രൂപമാണ്,” ഫെഡറേഷന്‍ നേതാവ് എസ്.എസ്. അനില്‍ പറഞ്ഞു.