രൂപയ്ക്ക് ട്രംപാഘാതം; ഡോളറിനെതിരെ റെക്കോർഡ് തകർച്ച, മൂല്യം 88.29ലേക്ക് ഇടിഞ്ഞു

0
75

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ചയിൽ. 87.69ൽ വ്യാപാരം തുടങ്ങിയ രൂപ 88.29ലേക്ക് ഇടിഞ്ഞു. മൂല്യം 88ലേക്ക് ഇടിഞ്ഞതും ആദ്യം. ഇന്ത്യയ്ക്കുമേൽ യുഎസ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച 50% ‘ഇടിത്തീരുവ’ പ്രാബല്യത്തിൽ വന്നത്, ഇന്ത്യയുടെ കയറ്റുമതി മേഖലയെ സാരമായി ബാധിക്കുമെന്ന വിലയിരുത്തലാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപം കൊഴിയുന്നതും എണ്ണക്കമ്പനികൾ ഉൾപ്പെടെയുള്ള ഇറക്കുമതിക്കാരിൽ നിന്ന് ഡോളറിന് വൻതോതിൽ ഡിമാൻഡ് ലഭിച്ചതും രൂപയെ വലച്ചു.

വിദേശ നാണയ ശേഖരത്തിൽ നിന്ന് വൻതോതിൽ ഡ‍ോളർ വിറ്റഴിച്ച് റിസർവ് ബാങ്ക് രൂപയുടെ രക്ഷയ്ക്കെത്തി. ഇതോടെ രൂപ 88.12ലേക്ക് നഷ്ടം നികത്തി. രക്ഷാദൗത്യവുമായി റിസർവ് ബാങ്ക് എത്തിയില്ലായിരുന്നെങ്കിൽ രൂപ ഇന്നു കൂടുതൽ ദുർബലമാകുമായിരുന്നു. ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ 87.95 ആയിരുന്നു  ഇതിനുമുൻപത്തെ ഏറ്റവും താഴ്ച.

ട്രംപ് അടിച്ചേൽപ്പിച്ച കനത്ത തീരുവമൂലം രാജ്യാന്തര വ്യാപാരരംഗത്ത് ഇന്ത്യയുടെ മത്സരക്ഷമതയ്ക്ക് കോട്ടംതട്ടുമെന്ന വിലയിരുത്തൽ ശക്തമാണ്. ഇത് ചൈനീസ് യുവാന് രൂപയ്ക്കുമേൽ കൂടുതൽ കരുത്തും പകർന്നു. യുവാനെതിരെയും രൂപയുടെ മൂല്യം ഇന്ന് 12.33 എന്ന റെക്കോർഡ് താഴ്ചയിലെത്തി.