- ആക്രമിച്ചവർക്കെതിരേ കർശന നടപടി വേണം: എസ്.എം.എഫ്
ചെർക്കള: മൗലീദ് പാരായണം നടത്തുന്നതിനിടെ മസ്ജിദിൽ കയറി മുജാഹിദ് പ്രവർത്തകൻ ഇമാമിന്റെ കൈ തല്ലിയൊടിച്ചു. ഇടനീർ കോറിക്കാർമൂല മസ്ജിദിലെ ഇമാം ചർലട്ക്കയിലെ സുലൈമാൻ മുസ്‌ലിയാർ (51) ആണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകീട്ട് മഗ് രിബ് നിസ്ക്കാര ശേഷം ഇമാമിന്റെ നേതൃത്വത്തിൽ മൗലിദ് പാരായണം നടത്തുന്നതിനിടെ ഇ.കെ നസീർ എന്ന മുജാഹിദ് പ്രവർത്തകൻ മസ്ജിദിൽ കയറി മൗലിദ് പാരായണത്തിനെതിരേ ചോദ്യം ചെയ്ത് കസേര എടുത്ത് അടിക്കുകയായിരുന്നു.
കൈ കൊണ്ട് തടഞ്ഞപ്പോൾ അടിയുടെ ആഘാതത്തിൽ ഇടത് കൈയുടെ എല്ല് പൊട്ടി. സുലൈമാൻ മുസ്‌ലിയാർ ചെർക്കള സി.എം ആശുപത്രിയിൽ ചികിത്സതേടി. സുലൈമാൻ മുസ്‌ലിയാരുടെ വസതി ജംഇയ്യതുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി സി.എം മൊയ്തു മൗലവി, ചെർക്കള റെയ്ഞ്ച് ഭാരവാഹികളായ സി.പി മൊയ്തു മൗലവി ചെർക്കള, ഇസ്മാഈൽ ഹാജി ചെർക്കള, ലത്തീഫ് അസ്നവി ചെർക്കള, അബ്ദുറൗഫ് അസ്നവി ഇടനീർ, അഷ്റഫ് അസ്ഹരി ചൂരിമൂല, അബ്ദുൽ റഹ്മാൻ ഫൈസി, അലി ദാരിമി കന്തൽ, ഹസൈനാർ മദനി സന്ദർശിച്ചു.
ആക്രമിച്ചവർക്കെതിരേ കർശന നടപടി വേണം: എസ്.എം.എഫ്
ചെർക്കള ഇടനീർ കോറിക്കാർ മൂലയിൽ പള്ളിയിൽ മൗലീദ് പാരായണം നടത്തുകയായിരുന്ന പള്ളി ഇമാം ചർലട്ക്ക സുലൈമാൻ മുസ്്ലിയാർക്ക് നേരെ നടന്ന ആക്രമണത്തിൽ സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സുലൈമാൻ മുസ്്ലിയാരെ മാരകമായി ആക്രമിച്ച് കൈ എല്ല് അടിച്ചു പൊട്ടിച്ച സംഭവത്തിൽ ആക്രമികൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് എസ്.എം.എഫ് ജില്ലാ ഭാരവാഹികൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വിശ്വാസികളുടെ ആചാരത്തിന് തടസം; നടപടി ആവശ്യപ്പെട്ട് ജംഇയ്യതുൽ മുഅല്ലിമീൻ
ചെർക്കള ഇടനീർകോറിക്കാർ മൂലയിൽ മതാചാര ചടങ്ങുകൾ നിർവഹിക്കുകയായിരുന്ന ചർലട്‌ക സുലൈമാൻ മുസ്ലിയാർ നേരിട്ട അക്രമത്തെ ജില്ലാ ജംഇയ്യതുൽ മുഅല്ലിമീൻ ശക്തമായി അപലപിച്ചു. പ്രവാചകന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സുന്നത്ത് ജമാഅത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന പള്ളികളിൽ വർഷങ്ങളായി മൗലിദ് സദസുകളും അന്നദാന വിതരണവും നടത്തി വരുന്നതായും അത് ഏറെ പുണ്യകരമായ പ്രവർത്തനമായി വിശ്വാസികൾ കണക്കാക്കുന്നതായും ജില്ലാനേതൃത്വം അറിയിച്ചു
പ്രവാചകന്റെ പ്രകീർത്തന സദസുകൾ പ്രവാചകകാലം മുതലേ മുസ്‌ലിം സമൂഹത്തിന്റെ ആത്മീയ ജീവിതത്തിന്റെ അവിഭാജ്യഘടകമാണെന്നും ഇത്തരം മഹത്തായ ആചാരങ്ങൾ തടയാനുള്ള ശ്രമങ്ങൾ മതസ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണെന്നും അവർ പ്രസ്താവനയിൽ വ്യക്തമാക്കി. വിശ്വാസികളുടെ മതപരമായ ആചാരങ്ങളെ തടസപ്പെടുത്തുവർക്ക് എതിരേ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ജം ഇയ്യതുൽ മുഅല്ലിമീൻ ജില്ലാ ഭാരവാഹികൾ അധികാരികളോട് ആവശ്യപ്പെട്ടു.