‘എന്നെയും കൊല്ലാമായിരുന്നില്ലേ, അത്ര വേദനയുണ്ട്’; പ്രഭാവതിയമ്മയുടെ 20 വർഷത്തെ പോരാട്ടം

0
213

തിരുവനന്തപുരം: ‘എന്താണീ കോടതി എന്നെയും കൊന്നു കളയാത്തത്? അത്ര വേദനയോടെയാണ് നില്‍ക്കുന്നത്’ – ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ എല്ലാ പ്രതികളെയും വെറുതേവിട്ട ഹൈക്കോടതി വിധിയോട് പൊട്ടിക്കരഞ്ഞു കൊണ്ട് ഉദയകുമാറിന്റെ അമ്മ പ്രഭാവതി പ്രതികരിച്ചതിങ്ങനെയാണ്. ഇനി ആരെ കൊല്ലാന്‍ വേണ്ടിയാണ് അവരെ വെറുതേ വിട്ടതെന്നും പ്രഭാവതി ചോദിച്ചു. 

ദൈനംദിന ചെലവിനു പോലും പണമില്ല. കോടതി വിധിക്കെതിരെ മുന്നോട്ടുപോകാന്‍ ഒരു നിവൃത്തിയുമില്ല. കുറ്റക്കാരാണെന്നു കണ്ടെത്തിയാണ് കോടതി  പ്രതികളെ ശിക്ഷിച്ചത്. ആരെയൊക്കെ സ്വാധീനിച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടത് എന്നറിയില്ല. സഹായം തേടി ആരെ സമീപിക്കുമെന്ന് അറിയില്ലെന്നും പ്രഭാവതി പറഞ്ഞു. 20 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ പ്രതികള്‍ രക്ഷപ്പെട്ടതിന്റെ കടുത്ത വേദനയാണ് പ്രഭാവതിയമ്മയുടെ വാക്കുകളില്‍ ഉണ്ടായിരുന്നത്. 

തിരുവനന്തപുരം നഗരത്തിലെ പാര്‍ക്കില്‍നിന്നു മോഷണക്കേസ് പ്രതിയോടൊപ്പം കസ്റ്റഡിയിലെടുത്ത കിള്ളിപ്പാലം കീഴാറന്നൂര്‍ കുന്നുംപുറം വീട്ടില്‍ ഉദയകുമാര്‍ (28) തുടയിലെ രക്തധമനികള്‍ പൊട്ടി 2005 സെപ്റ്റംബര്‍ 27നു രാത്രി പത്തരയോടെയാണു മരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിവസം മോഷണക്കുറ്റം ആരോപിച്ചു പിടികൂടിയ ഉദയകുമാറിനെ ക്രൂരമായ ലോക്കപ്പ് മര്‍ദനത്തിന് ഇരയാക്കി കൊന്നുവെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.

ആദ്യം ലോക്കല്‍ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന പരാതിയുമായി പ്രഭാവതിയമ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് 2008 ഓഗസ്റ്റിലാണു സിബിഐ ഏറ്റെടുത്തത്.

‘‌എന്റെ ഗുണ്ടകള്‍ ഒരുത്തനെ തല്ലിക്കൊന്നിട്ടിട്ടുണ്ട്’ – സ്‌കൂളില്‍ സഹപാഠിയായിരുന്ന മേലുദ്യോഗസ്ഥനോടു ഫോര്‍ട്ട് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ വിജയകുമാര്‍ ഫോണില്‍ പറഞ്ഞ വാചകമാണ് ഉരുട്ടിക്കൊലക്കേസില്‍ സിബിഐക്കു നിര്‍ണായക തെളിവായത്. ഇതു മുഖ്യതെളിവില്‍ ഒന്നായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഫോര്‍ട്ട് സ്റ്റേഷനിലെ പൊലീസുകാരായിരുന്ന കെ.ജിതകുമാര്‍, എസ്.വി.ശ്രീകുമാര്‍, പിന്നീട് ഡിവൈഎസ്പിയായ അജിത് കുമാര്‍, മുന്‍ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവരായിരുന്ന കേസിലെ പ്രതികള്‍. 

ഇതില്‍ ഒന്നാം പ്രതി ജിതകുമാറിനും രണ്ടാം പ്രതി ശ്രീകുമാറിനും തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി 2018ല്‍ വധശിക്ഷ വിധിച്ചു. ഇതില്‍ ശ്രീകുമാര്‍ 2020ല്‍ മരണമടഞ്ഞു. അഞ്ചു മുതല്‍ ഏഴു വരെ പ്രതികളായ അജിത് കുമാര്‍, ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവര്‍ക്കെതിരെ ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍, കൃത്രിമ രേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞിരുന്നു.

3 വര്‍ഷം തടവായിരുന്നു ഇവര്‍ക്ക് ശിക്ഷ. കൊല നടക്കുമ്പോള്‍ അജിത്കുമാര്‍ ഫോര്‍ട്ട് സ്റ്റേഷനിലെ എസ്‌ഐയും സാബു സിഐയും ആയിരുന്നു. ഹരിദാസ് അസിസ്റ്റന്റ് കമ്മിഷണറും. മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇരുമ്പു പൈപ്പു കൊണ്ട് ഉരുട്ടിയ 22 ഗുരുതര പരുക്കുകള്‍ ഉദയകുമാറിന്റെ മൃതദേഹത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് ഉപയോഗിച്ച പൈപ്പ് കോടതിയില്‍ തിരിച്ചറിയുകയും ചെയ്തു. ഇതു കേസില്‍ നിര്‍ണായകമായിരുന്നു.