ഇന്ത്യയിലെ സമ്പന്നർ ഇന്ത്യയ്ക്ക് പുറത്തുള്ള റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾക്ക് പ്രധാനമായും തിരഞ്ഞെടുക്കുന്നത് ദുബായിയാണ്. പെന്റ്ഹൗസുകളും സ്വതന്ത്ര വില്ലകളും അപ്പാർട്ട്മെന്റുകളുമെല്ലാം ഇന്ത്യൻ സെലിബ്രിറ്റികൾ ദുബായിൽ വാങ്ങിക്കൂട്ടിയിട്ടുണ്ട്. അവയിൽ ചിലത് നോക്കാം.
ബുർജ് ഖലീഫയിൽനിന്ന് പാം ജുമൈറയിലെത്തി ശിൽപഷെട്ടി
2010 ൽ ഭർത്താവ് രാജ് കുന്ദ്ര, ശിൽപയ്ക്ക് ബുർജ് ഖലീഫയിൽ 50 കോടിയുടെ അപ്പാർട്മെന്റാണ് വിവാഹ വാർഷിക സമ്മാനമായി നൽകിയത്. ലോകത്തിലെ ഏറ്റവും ഉയരംചെന്ന കെട്ടിടത്തിന്റെ 19 -ാം നിലയിലായിരുന്നു ഈ ഫ്ലാറ്റ്. എന്നാൽ സ്ഥലസൗകര്യം കുറവാണെന്ന് തോന്നിയതോടെ ഈ ഫ്ലാറ്റ് വിറ്റശേഷം ദുബായിലെ പാം ജുമൈറയിൽ ഒരു അത്യാഡംബര വില്ല താരം സ്വന്തമാക്കി.
മകന് അംബാനിയുടെ സമ്മാനം
2022 ലാണ് അംബാനി പാം ജുമൈറയിൽ ബീച്ച് വില്ല സ്വന്തമാക്കിയത്. 3000 ചതുരശ്ര അടിയുള്ള വില്ലയിൽ 10 കിടപ്പുമുറികൾ, സ്വിമ്മിങ് പൂളുകൾ, സ്പാ, സലൂൺ തുടങ്ങിയ സൗകര്യങ്ങളുണ്ട്. 70 മീറ്റർ പ്രൈവറ്റ് ബീച്ചാണ് മറ്റൊരു പ്രത്യേകത. ഈ വില്ലയുടെ വില ഏകദേശം 640 കോടി രൂപയാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. അനന്തിന്റെ വിവാഹത്തിനു മുന്നോടിയായി സമ്മാനം എന്ന നിലയിലാണ് അംബാനി ഈ വില്ല വാങ്ങിയത്.
ഷാറൂഖിന്റെ ജന്നത്ത്
മുംബൈയിലെ മന്നത്ത് എന്ന പ്രശസ്തമായ ബംഗ്ലാവിനോട് ചേർന്നുപോകുന്ന തരത്തിൽ ജന്നത്ത് എന്ന പേരാണ് ദുബായിലെ ആഡംബര വസതിക്ക് ഷാറൂഖ് നൽകിയത്. ഈ വില്ലയ്ക്ക് മാത്രമായി പ്രൈവറ്റ് ബീച്ചുമുണ്ട്.
സൽമാൻ ഖാന്റെ വസതി
ബുർജ് ഖലീഫയ്ക്ക് തൊട്ടടുത്താണ് സൽമാൻ ഖാന്റെ ദുബായ് പ്രോപ്പർട്ടി. ദ അഡ്രസ് ഡൗൺ ടൗൺ എന്ന കെട്ടിടത്തിലെ ഒരു അത്യാഡംബര അപ്പാർട്മെന്റാണിത്. എന്നാൽ ഈ വീട് താമസത്തിനല്ല മറിച്ച് വ്യക്തിപരമായ പാർട്ടികൾ നടത്തുന്നതിനും പ്രൊഫഷനൽ മീറ്റിങ്ങുകൾക്കുമാണ് സൽമാൻ ഉപയോഗിക്കുന്നത്.
ഐശ്വര്യയുടെയും അഭിഷേകിന്റെയും വീട്
ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സിലെ സാങ്ച്വറി ഫോൾസിലാണ് ഇരുവരുടെയും ആഡംബര വില്ല. അവധിക്കാല വസതിയായി ഉപയോഗിക്കാമെന്ന തീരുമാനത്തിൽ 2015 ൽ വാങ്ങിയ ഈ വില്ലയുടെ വിലമതിപ്പ് 16 കോടി രൂപയാണ്. സ്വിമ്മിങ് പൂൾ, പൂന്തോട്ടം ഗോൾഫ് കോഴ്സ് തുടങ്ങിയവയെല്ലാം പ്രോപ്പർട്ടിയിൽ ഉൾപ്പെടുന്നു. ദുബായിലെ എമിറേറ്റ്സ് ഹിൽസിലും ബച്ചൻ കുടുംബത്തിന് ആഡംബര ബംഗ്ലാവുണ്ട്.
അനിൽ കപൂറിന്റെ ആഡംബര വീട്
ദുബായിയുടെ ‘ബെവേർലി ഹിൽസ്’ എന്നറിയപ്പെടുന്ന എമിറേറ്റ്സ് ഹിൽസിലാണ് അനിൽ കപൂർ ആഡംബര വസതി സ്വന്തമാക്കിയിരിക്കുന്നത്. ഒരു ഗേറ്റഡ് കമ്മ്യൂണിറ്റിയിൽ സ്ഥിതി ചെയ്യുന്ന വില്ലയാണിത്. ദുബായിലെ തന്നെ ഏറ്റവും വിലമതിപ്പേറിയ വസതികളാണ് ഇവിടെയുള്ളത്.
സാനിയ മിർസയുടെ ഗ്രീക്ക് ശൈലിയിലുള്ള വസതി
പാം ജുമൈറ തന്നെയാണ് സാനിയ മിർസയും ദുബായിലെ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിനായി തിരഞ്ഞെടുത്തത്. 13 കോടി രൂപ വില നൽകി രണ്ടു നിലകളുള്ള ഒരു ബംഗ്ലാവ് താരം സ്വന്തമാക്കിയിട്ടുണ്ട്. ക്ലാസിക് ഗ്രീക്ക് ശൈലിയിലുള്ള രൂപകല്പന ഈ വീടിനെ കാഴ്ചയിൽ തന്നെ വേറിട്ടതാക്കുന്നുണ്ട്. സ്വിമ്മിങ് പൂൾ, കിഡ്സ് പ്ലേ ഏരിയ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്.
