കോഴിക്കോട്: ഉള്ള്യേരിയിലെ സ്വകാര്യ ക്ലിനിക്കിൽ ലാബ് ജീവനക്കാരിക്കെതിരെ അതിക്രമം നടത്തിയ കേസിലെ പ്രതി പിടിയിൽ. പരപ്പനങ്ങാടി ചെറുമംഗലം കാഞ്ഞിരക്കണ്ടി വീട്ടിൽ മുഹമ്മദ് ജാസിനാണ് (30) പിടിയിലായത്. ഉള്ള്യേരി–പേരാമ്പ്ര റോഡിലെ സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിയോടാണ് യുവാവ് അതിക്രമം കാണിച്ചത്. ഇവർ ചികിത്സയിലാണ്.
ആറരയോടെയാണ് ലാബിൽ അതിക്രമമുണ്ടായത്. ലാബിലെ അതിക്രമത്തിനു പിന്നാലെ മുഹമ്മദ് ജാസിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു. ഇതിനിടെയാണ് ഇയാളെ കുന്ദമംഗത്തുവച്ച് പൊലീസ് പിടികൂടിയത്. പ്രതി ജീവനക്കാരിയെ കടന്നുപിടിക്കുന്നതും പിന്നാലെ ലാബിൽ നിന്ന് ഓടി രക്ഷപ്പെടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ലാബ് തുറക്കാനെത്തിയ യുവതിയോട് സംസാരിച്ച ശേഷം ഫോണിൽ സംസാരിക്കുന്നതായി ഭാവിച്ച് ഇയാൾ പുറത്തിറങ്ങി ആരുമില്ലെന്ന് ഉറപ്പാക്കി. ശേഷം ലാബിനുള്ളിൽ കയറി യുവതിയെ കടന്നുപിടിച്ചു. യുവതി ചെറുത്തുനിന്നതോടെ ഇയാൾ പിൻവാങ്ങുകയും ലാബിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടുകയുമായിരുന്നു. യുവതി പുറകെ ചെന്നു നോക്കിയെങ്കിലും ഇയാൾ ഓടി മറഞ്ഞു.
