യുവതിയുടെ ബാധ ഒഴിപ്പിക്കാമെന്ന് ഏറ്റു, പൂജ നടത്തിയിട്ടും ബാധ ഒഴിഞ്ഞില്ല; പൂജാരിയെ മർദ്ദിച്ച് ബന്ധുക്കൾ

0
84

ചിറ്റിലഞ്ചേരി: ബാധ ഒഴിഞ്ഞില്ലെന്ന് ആരോപിച്ച് പൂജാരിക്ക് മര്‍ദ്ദനം. പാലക്കാട് വീഴുമല ക്ഷേത്ര പൂജാരി സുരേഷിനാണ് മര്‍ദനമേറ്റത്. ഇരട്ടക്കുളം കൃഷ്ണൻ (54), മക്കളായ രജിൻ (24), വിപിൻ (21), കൃഷ്ണന്റെ സഹോദരി ഭർത്താവ് പരമൻ (51) എന്നിവരാണ് സുരേഷിനെ മർദ്ദിച്ചത്.

പ്രതികളുടെ ബന്ധുവായ പെണ്‍കുട്ടിക്ക് മാനസികമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് ബാധയാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൂജ നടത്തി. ബാധ ഒഴിപ്പിക്കാമെന്ന് അറിയിച്ച് പൂജയ്ക്ക് നേതൃത്വം നല്‍കിയത്‌ സുരേഷായിരുന്നു. 

രണ്ടു മാസം മുൻപായിരുന്നു പൂജ. എന്നാൽ പൂജയ്ക്കു ശേഷവും പെണ്‍കുട്ടിയുടെ മാനസിക പ്രശ്‌നങ്ങള്‍ മാറിയില്ല. തുടര്‍ന്നാണ് ബന്ധുക്കളായ മൂന്നു പേര്‍ ഇത് ചോദ്യം ചെയ്ത് സുരേഷിനെ സമീപിച്ചത്. തര്‍ക്കത്തിനിടയിലാണ് സുരേഷിനെ ഇവര്‍ മര്‍ദിച്ചത്. പരുക്കേറ്റ സുരേഷിനെ ആലത്തൂർ ഇരട്ടക്കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരേഷും ആശ്രമവാസികളും മർദ്ദിച്ചെന്ന് ആരോപിക്കുന്ന കൃഷ്ണനെയും മക്കളെയും പാലക്കാട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.