അവധിക്ക് ശേഷം തിരിച്ചെത്തിയ പ്രവാസി മലയാളി തൊട്ടടുത്ത ദിവസം സഊദിയിൽ മരിച്ചു

0
125

ദമാം – അവധിക്ക് ശേഷം സഊദിയിലെ ദമാമിൽ തിരിച്ചെത്തിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം ഇടവ, ശ്രീയെട്ട് സ്വദേശി സനീർ സിറാജുദ്ദീൻ (43) ആണ് മരിച്ചത്. ദമാം 91 ഫൈസലിയയിൽ സ്വദേശിയുടെ വീട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

രണ്ട് വർഷത്തെ ജോലിക്ക് ശേഷം ആദ്യമായി അവധിക്കായി നാട്ടിൽ പോയിരുന്ന സനീർ ശനിയാഴ്ച പുലർച്ചെയാണ് ദമാമിൽ തിരിച്ചെത്തിയത്. ഞായറാഴ്ച രാവിലെ പതിവ് സമയത്ത് ജോലിക്ക് കാണാത്തതിനെ തുടർന്ന് തൊഴിലുടമ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യ, ജീവകാരുണ്യപ്രവർത്തകരെത്തി മൃതദേഹം ആശുപത്രിയിലെത്തിച്ച് മരണം ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചു.

പരേതനായ സിറാജുദ്ദീൻ, ഷഹീദ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ ഷെറീന. സൈം അഹമ്മദ്, അൽഫനാർ എന്നിവർ മക്കളാണ്. സഹോദരനും സഹോദരിയും നാട്ടിലുണ്ട്.

കുടുംബത്തിന്റെ ദുഃഖം ഇരട്ടിയാക്കി, സനീറിന്റെ ഭാര്യയുടെ സഹോദരീഭർത്താവും ശനിയാഴ്ച നാട്ടിൽ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ഈ വിവരം ഫോണിലൂടെ അറിയിക്കാൻ ഭാര്യ ശ്രമിച്ചെങ്കിലും സനീറിനെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. തുടർന്ന് ദമാമിലുള്ള ബന്ധു വഴി ഈ ദുഃഖവാർത്ത അറിയിച്ചതിന് പിന്നാലെയാണ് സനീറും മരിച്ചത്.

ദമാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കരിക്കും. ജീവകാരുണ്യ പ്രവർത്തകൻ ഷാജി വയനാട് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നു.

ഷാജി വയനാട് സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ നിന്നും.

‘അവധി കഴിഞ്ഞ് സനീർ സിറാജ് ഇന്നലെ പുലർച്ചെ പ്രവാസ മണ്ണിലേക്ക് വീണ്ടുമെത്തി ഇന്ന്  പുലർച്ചെ ഇനിയൊരിക്കലും തിരിച്ചു വരാത്ത പ്രവാസത്തിലേക്ക്  അദ്ദേഹം യാത്രയായി നമ്മൾ പ്രവാസികളുടെ ഒരവസ്ഥയെ… ഇന്ന് അതിരാവിലെ സൗദി റെഡ് ക്രസന്റ് ആംബുലൻസ് ഡിപ്പാർട്ട്മെന്റിൽ നിന്നും എന്റെ വാട്സാപ്പിലേക്ക് വന്ന ഒരു  സന്ദേശം; ഇന്ത്യക്കാരനായ ഒരാൾ അയാളുടെ താമസ സ്ഥലത്ത് മരണപ്പെട്ട വിവരങ്ങൾ. അവർ മരണപ്പെട്ട ഇന്ത്യക്കാരന്റെ സ്പോൺസറായ വനിതാ യുവതിയുടെ മൊബൈൽ നമ്പർ നൽകി.

കാര്യങ്ങൾ തിരക്കിയപ്പോൾ  മലയാളിയാണെന്ന് അറിയാൻ കഴിഞ്ഞു, സ്പോൺസർ നൽകിയ ലൊക്കേഷൻ പ്രകാരം ഞാൻ അദ്ദേഹത്തിന്റെ റൂമിലേക്ക്. സ്പോൺസർ വനിത റൂം തുറന്നു കാണിച്ചു തന്നപ്പോൾ മനസ്സ് വല്ലാതെ ഒന്ന് പിടഞ്ഞു. ഇന്നലെയാണ് അവധി കഴിഞ്ഞ് അദ്ദേഹം ഇവിടെ വന്നിറങ്ങിയത്, 24 മണിക്കൂർ  ആവും മുൻപേ മരണം അദ്ദേഹത്തെ തട്ടിയെടുത്തു.

ഒരു കൊച്ചു മുറിയിൽ ഒരു വലിയ പെട്ടി ആർക്കൊക്കെയോ കൊണ്ടുവന്നിരിക്കുന്ന ബേക്കറി മറ്റ് പലഹാര സാധനങ്ങളാണ് കാണാൻ കഴിഞ്ഞത് വല്ലാതെ വിഷമം തോന്നി. ഓരോ പ്രതീക്ഷകളുമായി പ്രവാസികൾ വീണ്ടും വീണ്ടും ഈ പ്രവാസ മണ്ണിലേക്ക് എത്തുന്നത്’…