ബിഹാറിലെ പൂർണിയയിൽ വോട്ടർ അധികാർ യാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സമീപത്തേക്ക് ഓടിയടുത്ത് യുവാവ്. ആർജെഡി നേതാവ് തേജസ്വി യാദവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേയാണ് രാഹുലിനെ ആലിംഗനം ചെയ്യാനായി ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ ഓടിയെത്തുന്നത്. പിന്നാലെ. ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാര്‍ യുവാവിനെ പിടിച്ചുമാറ്റുകയും മര്‍ദിക്കുകയുമായിരുന്നു.
സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിരക്കേറിയ സ്ഥലത്തുകൂടി യാത്രയുടെ വാഹനവ്യൂഹം നീങ്ങുന്നതും യുവാവ് ഓടിയടുക്കുന്നതും വിഡിയോയില്‍ കാണാം. യുവാവ് അടുത്തെത്തിയതിന് പിന്നാലെ രാഹുല്‍ ബൈക്ക് നിര്‍ത്തുന്നു. യുവാവ് രാഹുല്‍ ഗാന്ധിയെ ആലിംഗനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പിന്നാലെ സുരക്ഷാ ജീവനക്കാര്‍ ഓടിയെത്തി ഇയാളെ പിടിച്ചുമാറ്റി മുഖത്തടിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
നേരത്തെ ‘വോട്ടർ അധികാർ യാത്ര’യ്ക്കിടെ രാഹുൽ ഗാന്ധി സഞ്ചരിച്ച തുറന്ന ജീപ്പ് ഇടിച്ചു പൊലീസുകാരനു പരുക്കേറ്റിരുന്നു. നവാഡയിലെ തിരക്കേറിയ തെരുവില്‍ വെച്ചാണ് പൊലീസുകാരന്റെ കാലിലേക്ക് രാഹുല്‍ സഞ്ചരിച്ച ജീപ്പ് ഇടിച്ചു കയറിയത്. പൊലീസുകാരും പ്രവര്‍ത്തകരും ഉടൻ തന്നെ വാഹനം പിന്നിലേക്ക് തള്ളിമാറ്റി പൊലീസുകാരനെ രക്ഷപ്പെടുത്തുകയായിരുന്നു. രാഹുൽ ഗാന്ധി കുപ്പിവെള്ളം പൊലീസുകാരനു നൽകിയ ശേഷം അനുയായികളോട് അദ്ദേഹത്തിനു വേണ്ട കാര്യങ്ങൾ ചെയ്തുനൽകാൻ ആവശ്യപ്പെട്ടു. പിന്നീട് അദ്ദേഹത്തെ കണ്ട രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ പരുക്കിനെപ്പറ്റി അന്വേഷിക്കുകയും ചെയ്തു.
അതേസമയം, ഓഗസ്റ്റ് 17 ന് ആരംഭിച്ച വോട്ടർ അധികാർ യാത്ര സെപ്റ്റംബർ 1 ന് പട്നയിൽ സമാപിക്കും. 16 ദിവസമെടുത്ത് 1,300 കിലോമീറ്റർ സഞ്ചരിക്കുന്നയാത്ര 20 ജില്ലകളിലൂടെ കടന്നുപോകും.
