ആളിക്കത്തുന്ന ട്രക്ക് ജീവന്‍ പണയംവച്ച് ഓടിച്ചുമാറ്റി; ദുരന്തം ഒഴിവാക്കിയ യുവാവിന് സഊദി രാജാവിന്റെ ആദരം

0
220

സ്വന്തം ജീവന്‍ പണയപ്പെടുത്തി വലിയൊരു ദുരന്തം ഒഴിവാക്കിയ സൗദി പൗരന് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ആദരം. സൗദിയിലെ പരമോന്നത ബഹുമതിയായ കിങ് അബ്ദുൽ അസീസ് മെഡലും ഒരു ദശലക്ഷം റിയാലുമാണ് (2.3 കോടി രൂപ) സൗദി പൗരൻ മഹേർ ഫഹദ് അൽ-ദൽബാഹിക്ക്  പാരിതോഷികമായി നൽകാൻ രാജാവ് ഉത്തരവിട്ടത്.  കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ശുപാർശ പ്രകാരമാണിത്. 

ദിവസങ്ങൾക്ക് മുമ്പ് റിയാദ് പ്രവിശ്യയിലെ ദവാദ്മിയിലായിരുന്നു സംഭവം. ഈ സമയം അൽ-സാലിഹിയ എന്ന തന്റെ ഗ്രാമത്തിലേക്ക് പോവുകയായിരുന്നു 40-കാരനായ അൽ-ദൽബാഹി. വഴിയിൽ ഒരു പെട്രോൾ പമ്പിന് സമീപമെത്തിയപ്പോളാണ് ഒരു ട്രക്കിന് തീപിടിച്ചത് കണ്ടത്. ട്രക്കാകട്ടെ പമ്പിന്റെ ഇന്ധന ടാങ്കുകൾക്ക് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു. സമയം കളയാതെ അൽ-ദൽബാഹി ട്രക്കിലേക്ക് ഓടിക്കയറി ആളിക്കത്തുന്ന ട്രക്ക് പമ്പിൽ നിന്ന് വേഗത്തിൽ ഓടിച്ചുമാറ്റുകയായിരുന്നു. വലിയൊരു ദുരന്തമാണ് അദ്ദേഹത്തിന്‍റെ സമയോചിതമായ നീക്കത്തില്‍ ഒഴിവായത്. ഇതിനിടെ അദ്ദേഹത്തിന്‍റെ കൈകൾക്കും കാലുകൾക്കും മുഖത്തിനും പൊള്ളലേറ്റിരുന്നു. 

സംഭവത്തിന്‍റെ വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. ഒട്ടേറെപേരാണ് അദ്ദേഹത്തിന്‍റെ ധൈര്യത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. റിയാദ് ഡെപ്യൂട്ടി ഗവർണർ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ നേരിട്ട് അദ്ദേഹത്തെ വിളിച്ച് ആരോഗ്യസ്ഥിതി അന്വേഷിക്കുകയും മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. റിയാദിലെ ആശുപത്രിയില്‍ അദ്ദേഹത്തിന്‍റെ ചികില്‍സ തുടരുകയാണ്. 

അതേസമയം, ഈ രാജകീയ അംഗീകാരം തങ്ങള്‍ക്ക് ലഭിച്ച വലിയ ബഹുമതിയാണെന്നും അഭിമാനമാണെന്നും അദ്ദേഹത്തിന്‍റെ കുടുംബം പറഞ്ഞു. അൽ-ദൽബാഹിയുടെ പ്രവൃത്തി സൗദി പൗരന്മാരുടെ ധൈര്യം, സമർപ്പണം, നിസ്വാർഥത തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിക്കാട്ടുന്നുവെന്ന് സൗദി പ്രസ് ഏജൻസിയും റിപ്പോർട്ട് ചെയ്തു.