പത്തനംതിട്ട: തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഒരെണ്ണത്തിനു മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ട്രാൻസ് വനിത അവന്തികയുടെ ആരോപണങ്ങൾക്കാണ് രാഹുൽ മാധ്യമങ്ങൾക്കു മുന്നിൽ മറുപടി നൽകിയത്. ഓഗസ്റ്റ് ഒന്നിന് അവന്തികയുമായി നടത്തിയ സംഭാഷണവും രാഹുൽ പുറത്തുവിട്ടു. രാഹുൽ സുഹൃത്താണെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും അവന്തിക പറയുന്നതാണ് സംഭാഷണത്തിലുള്ളത്.
അവന്തിക തന്നോടു സൗഹാർദപരമായി സംസാരിക്കുകയും തന്നെ ചിലർ കുടുക്കാൻ ശ്രമിക്കുന്നതായി മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു. അതിനു ശേഷം എന്തിനാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന് അറിയില്ല. ഒരു മാധ്യമപ്രവർത്തകൻ, രാഹുലിന്റെ ഭാഗത്തുനിന്ന് മോശം അനുഭവമുണ്ടായോ എന്ന് അവന്തികയോടു ചോദിച്ചുവെന്നാണ് അവർ തന്നോടു പറഞ്ഞതെന്നും രാഹുൽ പറഞ്ഞു. മാധ്യമപ്രവർത്തകനും അവന്തികയുമായി നടന്നെന്നു പറയുന്ന ഫോൺ സംഭാഷണവും രാഹുൽ പുറത്തുവിട്ടു. രാജി വയ്ക്കാൻ പാർട്ടിക്കുള്ളിൽനിന്നു സമ്മർദമുയരുന്ന സാഹചര്യത്തിലും, രാജിക്കില്ലെന്ന സൂചനയാണ് രാഹുലിന്റെ വാക്കുകളിലുണ്ടായിരുന്നത്.
