രണ്ടാംക്ലാസ് വിദ്യാര്‍ഥിനി ഒരു രാത്രി മുഴുവന്‍ ക്ലാസില്‍ കുടുങ്ങി; തല ഗ്രില്ലിനുള്ളില്‍ കുരുങ്ങി പരുക്ക്

0
155

രണ്ടാംക്ലാസ് വിദ്യാര്‍ഥിനി ഒരു രാത്രി മുഴുവന്‍ സ്കൂളില്‍ കുടുങ്ങി. ജനലിന്‍റെ ഗ്രില്ലുകൾക്കിടയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ കുട്ടിയെ പിറ്റേന്ന് രാവിലെയാണ് നാട്ടുകാർ കണ്ടെത്തിയത്. ഒഡിഷയിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കുട്ടി കേന്ദുഝർ ജില്ലയിലുള്ള സര്‍ക്കാര്‍ സ്കൂളില്‍ കുടുങ്ങിയത്. വെള്ളിയാഴ്ച രാവിലെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

സ്കൂള്‍വിട്ട് മറ്റു കുട്ടികളെല്ലാം പോയ ശേഷവും ഈ വിദ്യാര്‍ഥിനി സ്കൂളില്‍ത്തന്നെയുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെടാതെ സ്കൂൾ ഗേറ്റ്കീപ്പർ പ്രധാന ഗേറ്റ് പുറത്ത് നിന്ന് പൂട്ടി. കുട്ടി വീട്ടിലെത്താനുള്ള സമയമായിട്ടും എത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കൾ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് രാത്രി മുഴുവൻ നാട്ടുകാർ കുട്ടിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

സ്കൂളിനുള്ളിൽ കുടുങ്ങി പരിഭ്രമിച്ച കുട്ടി രക്ഷപ്പെടാനായാണ് ജനലിന്‍റെ ഇരുമ്പ് ഗ്രില്ലുകൾക്കിടയിലൂടെ തലയിട്ടത്. എന്നാല്‍ തല ഗ്രില്ലുകള്‍ക്കിടയില്‍ കുരുങ്ങി. പിറ്റേന്ന് രാവിലെ കുട്ടിയെ ജനലിൽ കുടുങ്ങിയ നിലയിൽ നാട്ടുകാരാണ് കണ്ടെത്തിയത്. ഉടൻ തന്നെ അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു.