വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയിൽ സ്ത്രീയുടെ മൃതദേഹം, മാൻഹോൾ വഴി തിരുകിക്കയറ്റി

0
99

കോതമംഗലം: ഊന്നുകല്ലിൽ ആൾത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയിൽ സ്ത്രീയെ കൊലപ്പെടുത്തി ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ദേശീയപാതയുടെ അരികിൽ മൃഗാശുപത്രിക്കു സമീപമുള്ള വീടിന്റെ വർക്ക് ഏരിയയോടു ചേർന്നുള്ള ഓടയുടെ മാൻഹോൾ വഴിയാണു മൃതദേഹം തിരുകിക്കയറ്റിയത്. കുറുപ്പംപടി സ്വദേശി വൈദികന്റെ ഉടമസ്ഥതയിലുള്ളതാണ് ഇരുനില വീടും മുൻപിലുള്ള ഹോട്ടലും. ഹോട്ടൽ ഇപ്പോൾ പ്രവർത്തിക്കുന്നില്ല.

വൈദികൻ വെള്ളിയാഴ്ച വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. പരിസരത്ത് ദുർഗന്ധം വമിക്കുന്ന കാര്യം അദ്ദേഹം പൊലീസിനെ അറിയിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിലാണു മ‍ൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈദികൻ എത്തിയപ്പോൾ വർക്ക് ഏരിയയുടെ ഗ്രില്ല് തകർന്നതും തറയിൽ രക്തക്കറയും കണ്ടു. മോഷണശ്രമമെന്നു കരുതി പൊലീസിൽ അറിയിച്ചിരുന്നു. അന്നു പൊലീസും ഫൊറൻസിക് സംഘവും പരിശോധന നടത്തിയതാണ്.

ഉച്ചയോടെ കണ്ടെത്തിയ മൃതദേഹം നടപടികൾക്കു ശേഷം വൈകിട്ട് ആറോടെയാണ് ഓടയുടെ സ്ലാബ് നീക്കി പുറത്തെടുത്തത്. 60 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ അഴുകിയ നിലയിലുള്ള മൃതദേഹത്തിൽ വസ്ത്രവും ആഭരണങ്ങളും ഉണ്ടായിരുന്നില്ല. ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ്മോർട്ടത്തിനായി രാത്രി മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. റൂറൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലത സ്ഥലത്തെത്തി പരിശോധന നടത്തി. തെളിവു ശേഖരണത്തിനു വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തിയിരുന്നു.

കൊലപാതകമാണെന്നു പൊലീസ് സ്ഥിരീകരിച്ചു. വേങ്ങൂർ സ്വദേശിനിയെ (61) കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായതായി കുറുപ്പംപടി പൊലീസ് സ്റ്റേഷനിൽ പരാതിയുണ്ട്. ഇവരുടെ ബന്ധുക്കളെ എത്തിച്ചെങ്കിലും മൃതദേഹം അഴുകിയ നിലയിലായതിനാൽ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഈ സ്ത്രീയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണു പൊലീസ് അന്വേഷണം. പെരുമ്പാവൂർ എഎസ്പിയും മൂവാറ്റുപുഴ ഡിവൈഎസ്പിയും ഉൾപ്പെട്ട പ്രത്യേക സംഘത്തെ അന്വേഷണത്തിനു നിയോഗിച്ചു.