ദുബൈ – ആഴമുള്ള സൗഹൃദങ്ങൾ ഒരുകാലത്തും വറ്റിപ്പോകാറില്ല. അങ്ങനെയൊരു ഹൃദയബന്ധത്തിന്റെ കഥയാണ് യുഎഇയിൽ ഒരുമിച്ച ആറ് മലയാളി സുഹൃത്തുക്കൾക്ക് പറയാനുള്ളത്.
കളിക്കൂട്ടുകാരായി തുടങ്ങിയ അവർ, ജീവിതത്തിന്റെ പല വഴികളിലൂടെ സഞ്ചരിച്ച് ഒടുവിൽ യുഎഇയിൽ വീണ്ടും ഒന്നിച്ചു. 40 വർഷങ്ങൾക്കിപ്പുറം അവർ റഷ്യൻ മണ്ണിൽ ആ സൗഹൃദം ആഘോഷിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് സൗഹൃദത്തിന്റെ നാല് പതിറ്റാണ്ട് ആഘോഷിക്കാൻ മാത്രമാണ് ആറംഗ സംഘം റഷ്യയിലെത്തിയത്.
എമിറേറ്റ്സ് 380 വിമാനത്തിലെ ബിസിനസ് ക്ലാസിൽ കറുത്ത ടി ഷർട്ടും വെള്ളമുണ്ടും അണിഞ്ഞ്…
മലപ്പുറം എടപ്പാളിലെ സാധാരണ കുടുംബങ്ങളിൽ ജനിച്ചുവളർന്ന കൂട്ടുകാർ. പഴയ കാലത്തെ സ്കൂൾ ഓർമകൾ പോലെ സുന്ദരമാണ് ഇവരുടെയെല്ലാം സൗഹൃദവും. ദുബായിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന രാജേഷ് പടിക്കൽ, സുധീർ സുകുമാരൻ, ബിസിനസുകാരായ ദിലീപ് ഹെൽബോൺ, അബ്ദുൽ സലാം, അബൂബക്കർ യൂസഫ്, അക്ബർ പാറമ്മൽ എന്നിവരാണ് സംഘം.
എഴുത്തുകാരൻ കൂടിയായ ദിലീപ് ഹെയ്ൽബ്രോൺ ആണ് ഇതിന് നേതൃത്വം നൽകിയത്. പഠനവും കളികളും ചിരിയും തമാശകളും പങ്കിട്ട് കുട്ടിക്കാലത്ത് അവർ ഒരുമിച്ചുനടന്നു. കൗമാരം പിന്നിട്ടപ്പോൾ, ജീവിതം ഓരോരുത്തരെയും പലയിടങ്ങളിലേക്ക് മാറ്റി. ചിലർ ഗൾഫിലെത്തി, മറ്റു ചിലർ നാട്ടിൽ തന്നെ വേറെ മേഖലകളിൽ ജോലി കണ്ടെത്തി.
യുഎഇയിലുള്ള ഈ ആറ് കൂട്ടുകാർ പക്ഷേ, മെസേജുകളിലും ഫോൺ വിളികളിലുമായി സൗഹൃദം തുടർന്നു. വർഷത്തിലൊരിക്കൽ അവരൊന്നിച്ചുകൂടി കളിചിരി തമാശകളിൽ അലിഞ്ഞു. അടുത്തിടെ ദിലീപ് ഹെൽബോൺ ആണ് ഇപ്രാവശ്യം റഷ്യയിലേയ്ക്ക് യാത്ര പോയാലോ എന്ന ചിന്ത ആദ്യമായി പങ്കിട്ടത്. എല്ലാവർക്കും അതിനോട് പൂർണ്ണ സമ്മതം.
ഈ സൗഹൃദം അടുത്ത തലമുറയ്ക്ക് ഒരു മാതൃകയാകണം എന്ന ചിന്തയാണ് യാത്ര എന്ന ആശയം നൽകിയത്. അങ്ങനെയാണ് റഷ്യയിലേക്കുള്ള യാത്ര തീരുമാനിക്കുന്നത്. എമിറേറ്റ്സ് 380 വിമാനത്തിലെ ബിസിനസ് ക്ലാസിൽ 40 ഇയേഴ്സ് ഓഫ് ഫ്രണ്ട്ഷിപ്പ്-എടപ്പാൾ ടു സൈബീരിയ എന്നെഴുതിയ കറുത്ത ടി ഷർട്ടും വെള്ളമുണ്ടും ധരിച്ചായിരുന്നു യാത്ര.
യൂറോപ്പിന്റെ തണുപ്പിലൂടെ, മോസ്കോയുടെ ചരിത്രത്തിലൂടെ, സെന്റ് പീറ്റേഴ്സ്ബർഗിന്റെ മനോഹാരിതയിലൂടെ, ക്രെംലിൻ, റെഡ് സ്ക്വയർ എന്നിവയുടെ വിസ്മയങ്ങളിലൂടെ, സൈബീരിയയുടെ പ്രകൃതി സൗന്ദര്യത്തിൽ ലയിച്ച് അവർ ഒരുമിച്ച് നടന്നു. ആ നടത്തത്തിൽ നാൽപത് വർഷം മുൻപുള്ള കളിക്കളങ്ങളും പരീക്ഷാ പേടിയും ആദ്യ പ്രണയവും പിണക്കങ്ങളും, സന്തോഷങ്ങളും എല്ലാം അവർ വീണ്ടും ഓർത്തെടുത്തു. അഞ്ച് ദിവസം നീണ്ടുനിന്ന യാത്രയിൽ ആഡംബര ഹോട്ടലുകളിലെ താമസവും അർമേനിയ, തുർക്കി, റഷ്യൻ റസ്റ്ററന്റുകളിലെ ഭക്ഷണവൈവിധ്യവുമെല്ലാം നുകർന്നു.
നാട്ടിൽ കളിച്ചുചിരിച്ച് നടന്നപ്പോൾ ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല നാൽപത് വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് മറ്റൊരു രാജ്യത്ത് ഇതുപോലെ ചിരിക്കാനും സംസാരിക്കാനും കഴിയുമെന്ന് എന്ന് ഹെയ്ൽബ്രോൺ പറഞ്ഞു. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളായിരുന്നു റഷ്യയിൽ.
റഷ്യൻ നഗരങ്ങളിലെ കഫേകളിലും പാർക്കിലും ഓരോ ചുവരിലും ഞങ്ങളുടെ സൗഹൃദത്തിന്റെ അടയാളങ്ങൾ പതിഞ്ഞു. തിരക്കിട്ട ജീവിതത്തിൽ വേർപിരിഞ്ഞെങ്കിലും മനസ്സുകൊണ്ട് എന്നും ഒന്നായിരുന്നെന്ന് ഈ യാത്ര ഓർമിപ്പിക്കുന്നു. സൗഹൃദത്തിന് അതിരുകളോ കാലമോ തടസ്സമല്ല. ആത്മാർത്ഥമായ സ്നേഹമുണ്ടെങ്കിൽ ഏതു ദൂരവും കീഴടക്കാൻ കഴിയുമെന്നതാണ് പുതുതലമുറയ്ക്കുള്ള സന്ദേശം.
എല്ലാവരും വീണ്ടും കണ്ടുമുട്ടിയപ്പോൾ ഓർമകൾ മാത്രമല്ല, ജീവിതം തന്നെ തിരികെ കിട്ടിയത് പോലെയായിരുന്നു അനുഭവപ്പെട്ടതെന്ന് അക്ബർ പാറമ്മൽ പറഞ്ഞു. ഇനിയും യാത്രകൾ ചെയ്യണം, ആ സൗഹൃദം നൂറ് വർഷം വരെ തുടരണം എന്ന ആഗ്രഹത്തോടെയാണ് എല്ലാവരും റഷ്യയോട് വിട പറഞ്ഞത്. റഷ്യയുടെ മധുരമനോജ്ഞ ഓർമകളിൽ ഈ സൗഹൃദ നദി കൂടുതൽ ശക്തിയോടെ ഒഴുകി മുന്നോട്ട് പോകുന്നു, വരുംകാലത്തേക്ക് ഒരു പ്രചോദനമായിക്കൊണ്ട്.
കടപ്പാട്: മനോരമ ഓൺലൈൻ