ഒരു കുടുംബത്തിലെ 3 പേർ‌ മരിച്ചനിലയിൽ; ഇളയമകനെ കാണാനില്ല, ‘കുടുംബത്തെ മുഴുവൻ വകവരുത്തി’

0
380

മൈതാൻഗഡി: സൗത്ത് ഡൽഹിയിലെ മൈതാൻഗഡിയിൽ ഒരു കുടുംബത്തിലെ 3 പേരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. സത്ബാരി ഘടക് ഗ്രാമത്തിലെ 155–ാം നമ്പർ വീട്ടിലെ പ്രേം സിങ് (50), ഭാര്യ രജനി സിങ് (45), മകൻ ഋത്വിക് (24) എന്നിവരാണു മരിച്ചത്. ഇവരുടെ ഇളയ മകൻ സിദ്ധാർഥിനെ കാണാനില്ലെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസം വീടിനുള്ളിൽ നിന്നു ദുർഗന്ധം പരന്നതിനെ തുടർന്നു പരിസരവാസികളാണു പൊലീസിൽ അറിയിച്ചത്. പൊലീസെത്തി വീട് തുറന്നപ്പോൾ രജനിയുടെ മൃതദേഹം വായ മൂടിക്കെട്ടിയ നിലയിൽ നിലത്തു കിടക്കുകയായിരുന്നു. അകത്തെ മുറികളിൽ പ്രേം സിങ്ങും ഋത്വിക്കും ചോരയിൽ കുളിച്ചുകിടക്കുകയായിരുന്നു. വീടിനുള്ളിൽ കവർച്ചയോ ബലപ്രയോഗങ്ങളോ നടന്നതിന്റെ ലക്ഷണമില്ലെന്നു പൊലീസ് പറഞ്ഞു.

അതിനിടെയാണ് ഇവരുടെ ഇളയമകൻ സിദ്ധാർഥിനെ ദിവസങ്ങളായി കാണാനില്ലെന്നു പരിസരവാസികൾ പറഞ്ഞത്. അയാൾ മനോരോഗത്തിനു ചികിത്സയിലായിരുന്നെന്നും സൂചനയുണ്ട്. കുടുംബത്തെ മുഴുവൻ താൻ വകവരുത്തിയെന്നു ചിലരോടു പറഞ്ഞിട്ടാണു സിദ്ധാർഥ് അപ്രത്യക്ഷനായതെന്നും പൊലീസ് പറഞ്ഞു.