സി ഫോം രജിസ്ട്രേഷൻ നടത്തിയില്ലെന്ന കാരണം കാണിച്ചാണ് കേസ് എടുത്തത്
കൽപ്പറ്റ: വിദേശ പൗരനെ ആവശ്യമായ രേഖകൾ കൂടാതെ താമസിപ്പിച്ചതിന് വൈത്തിരിയിലെ റിസോർട്ട് ഉടമയ്ക്കെതിരെ പൊലിസ് കേസെടുത്തു. സി ഫോം രജിസ്ട്രേഷൻ നിയമപ്രകാരം നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാത്തതിനാണ് നടപടി. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശിയായ സന്തോഷ് കുമാർ (56)നെതിരെയാണ് ഫോറിനേഴ്സ് ആക്ട് പ്രകാരം വൈത്തിരി പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. സഊദി അറേബ്യൻ പൗരനെ അനധികൃതമായി താമസിപ്പിച്ചു എന്ന് ചൂണ്ടി കാണിച്ചാണ് കേസ്.
വൈത്തിരിക്ക് സമീപമുള്ള ഒരു റിസോർട്ടിലാണ് സഊദി അറേബ്യൻ പൗരനെ സി ഫോം രജിസ്ട്രേഷൻ നടപടികൾ പാലിക്കാതെ താമസിപ്പിച്ചത്. വിദേശികളെ താമസിപ്പിക്കുന്നതിന് ഓൺലൈൻ വഴി സി ഫോം രജിസ്ട്രേഷൻ നടത്തി പൊലിസിനെ വിവരം അറിയിക്കണമെന്നാണ് നിയമം. സംഭവം പുറത്തായതോടെ പോലീസ് അന്വേഷണവുമായി റിസോർട്ടിൽ എത്തി.
ജില്ലാ പൊലിസ് മേധാവി തപോഷ് ബസുമതാരിയുടെ നിർദേശപ്രകാരം, വൈത്തിരി സബ് ഇൻസ്പെക്ടർ സജേഷ് സി. ജോസിന്റെ നേതൃത്വത്തിൽ പൊലിസ് സംഘം റിസോർട്ടിൽ പരിശോധന നടത്തി. രേഖകൾ പരിശോധിച്ചപ്പോൾ, സി ഫോം വഴി വിവരങ്ങൾ യഥാസമയം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമായി. പരിശോധനാ സംഘത്തിൽ സീനിയർ സിവിൽ പൊലിസ് ഓഫീസർമാരായ അബ്ദുള്ള മുബാറക്, വിനീഷ്, സിവിൽ പൊലിസ് ഓഫീസർ പ്രജിത് എന്നിവർ ഉൾപ്പെട്ടിരുന്നു.
വിദേശ പൗരന്മാരെ താമസിപ്പിക്കുന്നതിന് സി ഫോം രജിസ്ട്രേഷൻ കൃത്യസമയത്ത് നടത്തണമെന്ന് ജില്ലാ പൊലിസ് മേധാവി വ്യക്തമാക്കി. ഇതിൽ വീഴ്ച വരുത്തുകയോ കാലതാമസം സംഭവിക്കുകയോ ചെയ്താൽ ഫോറിനേഴ്സ് ആക്ട് പ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.