ഇച്ചാക്കയ്‍ക്ക് സ്‍നേഹ ചുംബനവുമായി മോഹൻലാല്‍, മമ്മൂട്ടിയുടെ ആരോഗ്യ വാര്‍ത്തയില്‍ സന്തോഷം പങ്കുവെച്ച് മലയാളക്കര

0
89
  • ‘മമ്മൂട്ടി പൂർണ ആരോഗ്യവാൻ’: സ്ഥിരീകരിച്ച് ജോർജും ആന്റോ ജോസഫും
  • രാജാവ് തിരിച്ചുവരുന്നുവെന്നായിരുന്നു മാലാ പാര്‍വതി തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയത്.

മലയാളത്തിന്റെ മമ്മൂട്ടിയുടെ ആരോഗ്യ വാര്‍ത്തയില്‍ സന്തോഷം പങ്കുവെച്ച് മലയാളക്കര. മമ്മുട്ടിക്ക് മുത്തം കൊടുക്കുന്ന പഴയൊരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മോഹൻലാല്‍. മോഹൻലാല്‍ ഒന്നും എഴുതിയിട്ടില്ലെങ്കിലും മമ്മൂട്ടിയുടെ രോഗ വിമുക്തിയില്‍ സന്തോഷം പ്രകടിപ്പിച്ചുള്ള പോസ്റ്റാണ് ഇത് എന്നാണ് വ്യക്തമാകുന്നത്. നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് ഫോട്ടോയ്‍ക്ക് കമന്റുകള്‍ എഴുതിയിട്ടുണ്ട്.

മമ്മൂട്ടി രോഗ വിമുക്തി നേടിയതിന്റെ സന്തോഷം പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ് എംപിയും കുറിപ്പിട്ടിരുന്നു. നോവിന്റെ തീയിൽ മനം കരിയില്ല…പരീക്ഷണത്തിന്റെ വാൾ വീശലുകളിൽ പതറുകയുമില്ല… വീശുന്ന കൊടുങ്കാറ്റുകൾ ചിരികൊണ്ടു നേരിടും…പെയ്യുന്ന പേമാരികൾ മുറിച്ചു നടക്കും… ആത്മവിശ്വാസത്തിന്റെപാറമേൽ ഉറച്ചുനിന്നു തലയുയർത്തും… പ്രിയപ്പെട്ട മമ്മൂക്കാ …. ഇനി എത്രയോ കാതങ്ങൾ ഞങ്ങളുടെ കരം പിടിച്ചു മുന്നേറാനുണ്ട് … അഭിനയമികവിന്റെ എത്രയോ ഭാവതലങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു ..ഒത്തിരി സന്തോഷത്തോടെ ..നിറഞ്ഞ സ്നേഹത്തോടെ.. എന്നായിരുന്നു മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ് എഴുതിയത്. മാലാ പാര്‍വതിയും നേരത്തെ ഫേസ്ബുക്കില്‍ കുപ്പ് എഴുതിയിരുന്നു. “ഇതിൽ കൂടുതൽ ഒരു നല്ല വർത്തമാനം ഇല്ല. മമ്മൂക്ക പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. ചികിത്സിച്ച ഡോക്ടർമാർക്കും ശ്രുശൂഷിച്ച എല്ലാവവർക്കും, ആശുപത്രിയോടും കടപ്പാട്. സ്നേഹം. അതെ. രാജാവ് തിരിച്ചുവരുന്നു. സന്തോഷം, നന്ദി. പ്രാര്‍ഥനകള്‍ക്ക് ഫലം ഉണ്ടായിരിക്കുന്നു”, എന്നായിരുന്നു മാലാ പാര്‍വതിയുടെ കുറിപ്പ്.

മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്‍റും മേക്കപ്പ് മാനുമായ എസ് ജോര്‍ജും ഇക്കാര്യം അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. “സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ…നന്ദി!”, എന്നാണ് ജോര്‍ജിന്‍റെ പോസ്റ്റ്. മമ്മൂട്ടിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന നടന്‍ രമേശ് പിഷാരടിയും സന്തോഷം പങ്കുവച്ചിട്ടുണ്ട്. “എല്ലാം ഓകെ ആണ്” എന്നാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ്.

മമ്മൂട്ടിയുടെ രോഗസൗഖ്യം സൂചിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ ആദ്യം പോസ്റ്റ് പങ്കുവച്ചത് നിര്‍മ്മാതാവ് ആന്‍റോ ജോസഫ് ആയിരുന്നു. “ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി”, എന്നായിരുന്നു ആന്‍റോ ജോസഫിന്‍റെ പോസ്റ്റ്. ഇത് മമ്മൂട്ടിയുടെ രോഗസൗഖ്യം സംബന്ധിച്ച പോസ്റ്റ് ആണെന്ന് പ്രേക്ഷകര്‍ പെട്ടെന്നുതന്നെ ഊഹിച്ചെടുത്തു. ഇനി പൊതുവേദിയിലേക്കുള്ള മമ്മൂട്ടിയുടെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍.

‘മമ്മൂട്ടി പൂർണ ആരോഗ്യവാൻ’: സ്ഥിരീകരിച്ച് ജോർജും ആന്റോ ജോസഫും

ചെറിയ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചെത്തുന്നു. ചികിത്സാർഥം സിനിമയിൽ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ താരം പൂർണആരോഗ്യവാനാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. ഇന്ന് രാവിലെയോടെയാണ് എല്ലാ ടെസ്റ്റുകളുടെയും ഫലങ്ങൾ പുറത്തു വന്നത്. ഉടൻ  കേരളത്തിലേക്ക് മടങ്ങിയെത്തുന്ന അദ്ദേഹം സെപ്റ്റംബറിൽ മഹേഷ് നാരായണൻ സിനിമയിൽ ജോയിൻ ചെയ്യുമെന്ന് താരത്തോട് അടുത്ത് വൃത്തങ്ങൾ അറിയിച്ചു.

‘ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി’, മമ്മൂട്ടിയുടെ രോഗമുക്തിയെക്കുറിച്ച് നിർമാതാവ് ആന്റോ ജോസഫ് സമൂഹമാധ്യമത്തിൽ എഴുതിയതിങ്ങനെ.

‘സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ…നന്ദി’ മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോർജ് കുറിച്ചതിങ്ങനെ.

മലയാള സിനിമയിലെ പ്രമുഖർ ആന്റോ ജോസഫിന്റെ പോസ്റ്റിന് താഴെ ആശംസകളും പ്രാർത്ഥനയുമായി എത്തിയിട്ടുണ്ട്. എക്കാലത്തെയും വലിയ വാർത്തയെന്നായിരുന്നു നടി മാല പാർവതിയുടെ കമന്റ്. ഇത്രയും ആളുകൾ ഒരുമിച്ച് പ്രാർത്ഥിക്കുമ്പോൾ ദൈവത്തിന് കേൾക്കാതിരിക്കാൻ പറ്റില്ലല്ലോ എന്ന് സംവിധായകൻ കണ്ണൻ താമരകുളവും കമന്റ് ചെയ്തു.