നിലനിൽപ്പിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി നിലപാട് മാറ്റിയെങ്കിലും അംഗീകരിക്കാനാകില്ല- കാന്തപുരം

0
145

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിക്കെതിരേ വിമർശനവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. അമുസ്ലീങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിക്കുന്നതുകൊണ്ട് ഇന്ത്യൻ മുസ്ലീങ്ങളുടെ ഇസ്ലാം അപൂർണ്ണമെന്ന് വാദിച്ചവർ ഇപ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതായി അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെ ഒരു നിലയ്ക്കും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം രിസാല അപ്ഡേറ്റിന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി.

ഇന്ത്യയിലെ മുസ്ലീങ്ങളുടെ ഇസ്ലാം പൂർണമല്ലെന്ന വാദത്തിലായിരുന്നു അന്ന് അവർ. അമുസ്ലീങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിക്കുന്നതാണ് കാരണമായി പറഞ്ഞത്. അതിനാൽ ഇവിടത്തെ മുസ്ലീങ്ങളുടെ ഇസ്ലാം അപൂർണമാണെന്നായിരുന്നു ഒരുകാലത്ത് വാദിച്ചിരുന്നത്. എന്നാൽ ആ നിലപാടിൽ നിന്ന് മാറിയതായി കാന്തപുരം പറഞ്ഞു.

പിന്നീട് അവർ തന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തുടങ്ങി. അവരുടെ ചിന്തകൾ മാറി മാറി വരുന്നതുകൊണ്ട് അവരെ അം​ഗീകരിക്കാൻ കഴിയില്ല. നിലനിൽപ്പിന്റെ പ്രശ്നം വന്നപ്പോൾ അതിന് അവർ നിർബന്ധിതമായതാണെങ്കിൽ അത് പോസിറ്റീവാകില്ല. ജമാഅത്തിനെ ഒരു നിലയ്ക്കും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.