ഐ.സി.എഫ് ജിദ്ദ സ്വാതന്ത്ര്യദിനാഘോഷം: ‘നീതി സ്വാതന്ത്രമാവട്ടെ’ സംവാദം ശ്രദ്ധേയമായി

0
202

ജിദ്ദ: ഐ.സി.എഫ് ജിദ്ദ റീജിയന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ 79ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി “നീതി സ്വാതന്ത്രമാവട്ടെ” എന്ന വിഷയത്തിൽ നടത്തിയ സംവാദം ശ്രദ്ധേയമായി. സമകാലിക ഇന്ത്യയിലെ സാമൂഹിക നീതി, നിയമവാഴ്ച, പൗരാവകാശങ്ങൾ, സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ചർച്ചകൾക്ക് ഇത് വഴിയൊരുക്കി.

ഹാഫിള് മുഹ് യിദ്ധീൻ അഹ്സനിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ഐ.സി.എഫ് വെസ്റ്റ് ചാപ്റ്റർ വെൽഫെയർ & സർവീസ് സെക്രട്ടറി അബൂമിസ്ബാഹ് ഐക്കരപ്പടി ഉദ്ഘാടനം ചെയ്തു. ജാതി, മതം, നിറം, മതം, ലിംഗ ഭേദം, ജനന സ്ഥലം എന്നിവയുടെ പേരിൽ ഒരു പൗരേനാടും വിവേചനമില്ലാത്ത, സാമൂഹികമായി വിശേഷാധികാരമുള്ള വിഭാഗങ്ങളില്ലാത്ത, ഒരു തരം ചൂഷണങ്ങളുമില്ലാത്ത , ഇവയൊന്നും ഉണ്ടാകാൻ അനുവദിക്കാത്ത ഒരു രാജ്യമായി ഇന്ത്യ എന്നും നിലകൊള്ളുമെന്ന് കീ നോട്ട് അവതരിപ്പിച്ചു കൊണ്ട് ജിദ്ദ റീജിയൻ സെക്രട്ടറി മുഹിയുദ്ധീൻ വാഴക്കാട് സംസാരിച്ചു.

മൻസൂർ മാസ്റ്റർ മണ്ണാർക്കാട് മോഡറേറ്ററായ സംവാദത്തിൽ ഖലീൽ റഹ്‌മാൻ കൊളപ്പുറം, ശംസാദ് അരിപ്ര, സദഖത്തുള്ള ഒറ്റപ്പാലം, ഷാഫി ബിൻ ഷാദുലി തൃക്കരിപ്പൂർ എന്നിവർ സദസ്സിനോട് സംവദിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നീതിക്ക് ലഭിച്ച പ്രാധാന്യം, ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ, നിലവിൽ രാജ്യത്ത് നേരിടുന്ന നീതിനിഷേധങ്ങൾ എന്നിവ ചർച്ചയിൽ വിഷയങ്ങളായി. നിയമവാഴ്ച, സാമൂഹിക സമത്വം, സാമ്പത്തിക നീതി എന്നിവയിലൂടെ മാത്രമേ യഥാർത്ഥ സ്വാതന്ത്ര്യം കൈവരിക്കാനാവൂ എന്ന് അവർ ചൂണ്ടിക്കാട്ടി.പരിപാടിയോടനുബന്ധിച്ച് ആകർഷകമായ സ്പോട്ട് ക്വിസ് മത്സരം സംഘടിപ്പിച്ചു.

സ്വാതന്ത്ര്യസമരം, ഇന്ത്യൻ ഭരണഘടന, സമകാലിക ഇന്ത്യ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങൾ മത്സരാർത്ഥികളിൽ ആവേശം നിറച്ചു. ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് വേദിയിൽ വെച്ച് തന്നെ സമ്മാനങ്ങൾ വിതരണം ചെയ്തു.

പരിപാടിക്ക് ആശംസകൾ നേർന്ന് മുഹമ്മദ് അലി സഖാഫി കിടങ്ങയം സംസാരിച്ചു. പി ആർ & മീഡിയ സെക്രട്ടറി അബ്ദുൽ റഷീദ് പന്തല്ലൂർ സ്വാഗതവും അബ്ദുൾ ഗഫൂർ മാവൂർ നന്ദിയും പറഞ്ഞു.