ലോകം ആകാംക്ഷയോടെ ശ്രദ്ധിച്ച ഓഗസ്റ്റ് 15ലെ പുട്ടിൻ-ട്രംപ് കൂടിക്കാഴ്ച കാര്യമായ പ്രഖ്യാപനങ്ങളില്ലാതെ പിരിഞ്ഞതോടെ ഇനി ശ്രദ്ധ ഇന്ന് ട്രംപുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും യൂറോപ്യൻ യൂണിയൻ നേതാക്കളും നടത്തുന്ന ചർച്ചയിൽ.
യുക്രെയ്നിലെ ധാതുസമ്പന്നമായ ഡോൺബാസ് റഷ്യയ്ക്ക് വിട്ടുകിട്ടണമെന്ന ആവശ്യമാണ് ഓഗസ്റ്റ് 15ലെ കൂടിക്കാഴ്ചയിൽ ട്രംപിനു മുന്നിൽ പുട്ടിൻ വച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇത് അംഗീകരിക്കണമെന്നും സമാധാനനീക്കത്തിന് തയാറാകണമെന്നും സെലെൻസ്കിയോട് ട്രംപും നിർദേശിച്ചിട്ടുണ്ട്.
ഡോൺബാസ് വിട്ടുകൊടുക്കുന്ന പ്രശ്നമുദിക്കുന്നില്ലെന്ന് സെലെൻസ്കി വ്യക്തമാക്കി കഴിഞ്ഞു. കഴിഞ്ഞതവണ സെലെൻസ്കി അമേരിക്ക സന്ദർശിച്ചപ്പോൾ പ്രസിഡന്റ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ചേർന്ന് പരസ്യമായി നിർത്തിപ്പൊരിച്ചിരുന്നു. അമേരിക്കയിൽ നിന്ന് മടങ്ങിപ്പോകണമെന്ന് അവർ ആവശ്യപ്പെട്ടതും സെലെൻസ്കിക്ക് തിരിച്ചടിയായിരുന്നു.
ഇക്കുറി സെലെൻസ്കി ഇത്തരം അപമാനം നേരിടുന്നത് ചെറുക്കാനാണോ യൂറോപ്യൻ യൂണിയൻ നേതാക്കളെയും ഒപ്പം കൂട്ടുന്നതെന്ന ചോദ്യത്തിന് ‘‘അങ്ങനെ തോന്നുന്നില്ല’’ എന്ന മറുപടിയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മാധ്യമങ്ങൾക്ക് നൽകിയത്. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫോൺ ഡെർ ലേയെൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ജർമൻ ചാൻസലർ ഫ്രെഡ്റിച് മെർസ് തുടങ്ങിയവരാണ് സെലെൻസ്കിക്ക് ഒപ്പമുള്ളത്.
യുക്രെയ്നിലെ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നീ മേഖലകളെ ചേർത്തുവിശേഷിപ്പിക്കുന്ന പേരാണ് ഡോൺബാസ്. യുക്രെയ്നിന് നാറ്റോയ്ക്ക് സമാനമായ സുരക്ഷ ഒരുക്കുന്നതിനെ എതിർക്കില്ലെന്ന് പുട്ടിൻ സമ്മതിച്ചെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ സെലെൻസ്കിയും യൂറോപ്യൻ യൂണിയൻ നേതാക്കളും സ്വാഗതം ചെയ്തു. നാറ്റോ അംഗരാജ്യത്തെ ഏതെങ്കിലും രാജ്യം ആക്രമിച്ചാൽ അതു നാറ്റാ രാജ്യങ്ങൾക്കെല്ലാം നേരെയുള്ള യുദ്ധമായി കണക്കാക്കി തിരിച്ചടിക്കാൻ വ്യവസ്ഥ ചെയ്യുന്ന സുരക്ഷാച്ചട്ടമായ ‘ആർട്ടിക്കിൾ 5’ പുട്ടിൻ അംഗീകരിച്ചേക്കുമെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. എന്നാൽ, പകരം പുട്ടിൻ ആവശ്യപ്പെടുന്നതാണ് ഡോൺബാസ്.
ഇതിനിടെ, റഷ്യ ‘വലിയ ശക്തി’ ആണെന്നും സമാധാനനീക്കത്തിന് യുക്രെയ്ൻ വഴങ്ങണമെന്നും അലാസ്കയിലെ യോഗത്തിനുശേഷം ട്രംപ് പറഞ്ഞത് സെലെൻസ്കിയെയും യൂറോപ്യൻ യൂണിയൻ നേതാക്കളെയും നിരാശപ്പെടുത്തി. പുട്ടിനും റഷ്യയ്ക്കുമെതിരായ നിലപാടിൽനിന്ന് ട്രംപ് പൊടുന്നനെ മലക്കംമറിഞ്ഞത് സെലെൻസ്കിയെ കൂടുതൽ സമ്മർദത്തിലുമാക്കി. യുക്രെയ്ന്റെ ഒരിഞ്ച് ഭൂമിപോലും പുട്ടിന് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് സെലെൻസ്കി.
