സഊദിയിൽ കൊലപാതകം നടത്തി മുങ്ങി നടന്ന പ്രതിയെ 26 വർഷത്തിന് ശേഷം അറസ്റ്റ് ചെയ്ത് സിബിഐ

0
372
  • അറസ്റ്റ് സഊദിയിൽ നിന്നുള്ള മടക്ക യാത്രക്കിടെ
  • കൊലപാതക ശേഷം പാസ്സ്പോർട്ട് മാറ്റി സഊദി ഉൾപ്പെടെ പ്രവാസിയായി കഴിഞ്ഞു വരികയായിരുന്നു
  • സിബിഐ അറസ്റ്റ് നാടകീയമായി

ന്യൂഡൽഹി: സഊദിയിലെ റിയാദിൽ കൊലപാതകം നടത്തി ആൾമാറാട്ടം നടത്തി സഊദിയിൽ തന്നെ ജോലി ചെയ്തു വരികയായിരുന്ന പ്രവാസിയെ സിബിഐ അറസ്റ്റ് ചെയ്തു. കൊലപാതക ശേഷം 26 വർഷം സഊദി ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ പ്രവാസിയായി ആൾമാറാട്ടം നടത്തി കഴിഞ്ഞ പ്രതിയെ സിബിഐ നാടകീയമായാണ് അറസ്റ്റ് ചെയ്തത്. കൊലപാതക പ്രതിയായ ഇന്ത്യക്കാരനെ കണ്ടെത്താൻ സഊദി അറേബ്യ നേരത്തെ ഇന്ത്യയോട് സഹായം തേടിയിരുന്നു.

സഊദിയിൽ നടന്ന കൊലപാതകത്തിന് ശേഷം പ്രതിയായ ഉത്തരേന്ത്യകാരനായ മുഹമ്മദ്‌ ദിൽഷാദ് ഇന്ത്യയിലേക്ക് ഒളിവിൽ പോയതായും അതിനുശേഷം ഇയാളെ കണ്ടെത്താനായില്ലെന്നും സിബിഐ പറഞ്ഞു. 1999 ഒക്ടോബറിലാണ് സഊദി അറേബ്യയിലെ റിയാദിൽ കൊലപാതകം നടന്നത്. ശേഷം 26 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി മുഹമ്മദ് ദിൽഷാദിനെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) സഊദിയിൽ നിന്നുള്ള മടക്ക യാത്രക്കിടെ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

1999-ൽ മുഹമ്മദ് ദിൽഷാദ് റിയാദിൽ ഹെവി മോട്ടോർ മെക്കാനിക്ക് കം സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന സ്ഥലത്ത് വെച്ച് ഒരാളെ കൊലപ്പെടുത്തിയെന്നാണ് കേസ്. സഊദി അധികാരികൾക്ക് മുന്നിൽ വ്യാജ രേഖ നൽകി ഇന്ത്യയിലേക്ക് ഒളിച്ചോടി. തുടർന്ന് വഞ്ചനാപരമായ മാർഗങ്ങളിലൂടെ പുതിയ ഐഡന്റിറ്റിയും പാസ്‌പോർട്ടും നിർമ്മിച്ചു. സഊദി അറേബ്യയിലെ അധികാരികളുടെ അഭ്യർത്ഥനപ്രകാരം 2022 ഏപ്രിലിൽ സിബിഐ ഇദ്ദേഹത്തിനെതിരെ ഒരു ലോക്കൽ പ്രോസിക്യൂഷൻ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിനു ശേഷം, പ്രതിയുടെ ജന്മദേശമായ ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയാണെന്ന് സിബിഐ കണ്ടെത്തുകയും പ്രതിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ (എൽഒസി) പുറപ്പെടുവിക്കുകയും ചെയ്തു.

പക്ഷെ, ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് വിട്ടിട്ടും പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തുടർ അന്വേഷണത്തിനിടെ, പ്രതി മറ്റു മാർഗങ്ങളിലൂടെ അഡ്രസ്സ് മാറ്റിയ പുതിയ പാസ്സ്പോർട്ട് നേടിയെന്നും ഇതുപയോഗിച്ച്  ഖത്തർ, കുവൈറ്റ്, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. വിവിധ സാങ്കേതിക സൂചനകളും മറ്റു മാനുഷിക ബുദ്ധിയും അന്വേഷണങളും ഉപയോഗിച്ച് പ്രതിയായ മുഹമ്മദ് ദിൽഷാദിന്റെ പുതിയ പാസ്‌പോർട്ട് അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് അയാൾക്കെതിരെ രണ്ടാമത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് വിട്ടു.

ഈ പാസ്പോർട്ടുമായി മദീനയിൽ നിന്ന് ജിദ്ദ വഴി ഡൽഹിയിലേക്ക് വിമാനം കയറിയ പ്രതിയെ എമിഗ്രേഷനിൽ വെച്ച് തിരിച്ചറിയുകയായിരുന്നു. ഓഗസ്റ്റ് 11 ന് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിയ പ്രതി വലയിലായി. പ്രതിയായ മുഹമ്മദ് ദിൽഷാദ് (ഏകദേശം 52 വയസ്സ്) സഊദി അറേബ്യയിലെ മദീനയിൽ ഹെവി വെഹിക്കിൾസിൽ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. സിബിഐ പ്രകാരം, ഓഗസ്റ്റ് 14 ന് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.