കാമുകന് ലൈംഗികമായി ഉപദ്രവിക്കാന്‍ ഡേ കെയറിലെ പെണ്‍കുഞ്ഞുങ്ങളെ എത്തിച്ചു നല്‍കിയ സംഭവത്തില്‍ കുട്ടികളെ നോക്കുന്ന ജോലി ചെയ്തുവന്നിരുന്ന യുവതിക്ക് 100 വര്‍ഷം തടവുശിക്ഷ. കലിഫോര്‍ണിയയിലാണ് സംഭവം. ബ്രിട്നി മേ ലിയോണെന്ന യുവതിയാണ് ക്രൂര കൃത്യം ചെയ്തത്.
മാനസിക വെല്ലുവിളി നേരിട്ടിരുന്ന കുഞ്ഞുങ്ങളെയാണ് ലൈംഗികമായി ഉപദ്രവിക്കുന്നതിന് ബ്രിട്നി കാരണക്കാരിയായത്. മാനസിക വെല്ലുവിളി നേരിടുന്ന കുഞ്ഞുങ്ങള്‍ക്കായുള്ള പരിപാലന കേന്ദ്രത്തിലായിരുന്നു ബ്രിട്നി ജോലി ചെയ്തുവന്നിരുന്നത്.
കാമുകനായ സാമുവല്‍ കബ്രേറയ്ക്കായി ഡേ കെയറിലെ നാലു പെണ്‍കുഞ്ഞുങ്ങളെയാണ് ബ്രിട്നി എത്തിച്ചുനല്‍കിയതെന്ന് സാന്‍റിയാഗോ കൗണ്ടി ഡിസ്ട്രിക്ട് അറ്റോണി കണ്ടെത്തി. ബ്രിട്നിയുടെ ക്രൂരതയ്ക്കിരയായവരില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ മൂന്ന് വയസ് വീതമുള്ളവരും രണ്ടുപേര്‍ ഏഴുവയസുകാരുമാണ്. ഓട്ടിസം ബാധിച്ചവരാണ് കുട്ടികളില്‍ രണ്ടുപേര്‍. ഒരു പെണ്‍കുഞ്ഞാവട്ടെ സംസാരശേഷിയില്ലാത്തയാളുമാണെന്ന് അറ്റോണി വ്യക്തമാക്കുന്നു.
ഡേ കെയറില്‍ നിന്നും കുട്ടികളെ സ്വകാര്യ സ്ഥലത്തേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും കാമുകന് കൈമാറിയിട്ടുണ്ടെന്നും ലൈംഗികമായി ഉപദ്രവിക്കുന്നതിന് കൂട്ടുനിന്നുവെന്നും യുവതി സമ്മതിച്ചു. യുവതിയുടെ കാമുകനായ സാമുവല്‍ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയതായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
ബ്രിട്നിയുടെ ഡേ കെയറിലേക്ക് ഇനി പോകുന്നില്ലെന്ന് ഏഴുവയസുകാരിയായ മകള്‍ വാശി പിടിച്ചതോടെയാണ് കുട്ടിയുടെ അമ്മ കാര്യം ആരാഞ്ഞത്. വല്ലാതെ നിര്‍ബന്ധിച്ചതോടെ മടിച്ചു മടിച്ച് കുട്ടി താന്‍ നേരിട്ട പീഡനം വെളിപ്പെടുത്തി. ഉടനടി യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് നടുക്കുന്ന ക്രൂരത പുറംലോകം അറിഞ്ഞത്.
പൊലീസിന്‍റെ അന്വേഷണത്തില്‍ സാമുവലിന്‍റെ കാറില്‍ സൂക്ഷിച്ചിരുന്ന ആറ് ഹാര്‍ഡ് ഡ്രൈവുകളില്‍ നിന്നായി നൂറിലേറെ വിഡിയോകള്‍ കണ്ടെത്തി. ഇതില്‍ പെണ്‍കുട്ടികളെ ലഹരി നല്‍കി മയക്കിയ ശേഷം ലൈംഗികമായി ഇരുവരും ചേര്‍ന്ന് ഉപദ്രവിക്കുന്നതും സാമുവല്‍ ഉപദ്രവിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. കുട്ടികളുടെ ദൃശ്യങ്ങള്‍ക്ക് പുറമെ സ്ത്രീകളുടെയും കുട്ടികളുടെയും ഡ്രസിങ് റൂമില്‍ നിന്നും പൊതു ശുചിമുറികളില്‍ നിന്നുമുള്ള വിഡിയോകളും ചിത്രങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു.
