ആദ്യം 3 കോടി തട്ടി, ഇപ്പോൾ 13 കോടി: പ്രവാസി മലയാളിക്ക് നഷ്ടമായത് 38 വർഷത്തെ സമ്പാദ്യം

0
253

തിരുവനന്തപുരം: ആറുമാസം മുൻപ് ഓൺലൈൻ തട്ടിപ്പിന് ഇരയായി 3.75 കോടി രൂപ നഷ്ടപ്പെട്ട പ്രവാസിയായ എൻജിനീയറെ കബളിപ്പിച്ച് ഓൺലൈൻതട്ടിപ്പു സംഘം വീണ്ടും 13 കോടി രൂപ കൂടി തട്ടി. കവടിയാർ ജവാഹർ നഗറിലെ ഫ്ലാറ്റിൽ താമസിക്കുന്ന 69കാരനാണ് പണം നഷ്ടമായത്.

വർഷങ്ങളായി ഷെയർ ട്രേഡിങ് നടത്തുന്ന പരാതിക്കാരനെ അംഗീകൃത ഷെയർ ട്രേഡിങ് കമ്പനികളുടെ പേരിലാണ് തട്ടിപ്പുസംഘം കെണിയിൽ വീഴ്ത്തിയതെന്നു പൊലീസ് പറഞ്ഞു. സമാന്തരമായി രണ്ട് പ്ലാറ്റ്ഫോമിൽ ഇയാൾ ഓൺലൈൻ ട്രേഡിങ് നടത്തിയിരുന്നു. മേയിൽ നടന്ന ആദ്യ തട്ടിപ്പിൽ പരാതിയുമായി എത്തിയപ്പോൾ രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ ട്രേഡിങ് നടത്തുന്ന വിവരം പൊലീസിൽ നിന്നു മറച്ചുവച്ചു.

ഷെയർ ട്രേഡിങ്ങിലൂടെ അമിതലാഭം കൊയ്യാമെന്നു വിശ്വസിപ്പിച്ച് സൈറ്റിൽ കയറാനുള്ള ലിങ്കുകൾ അയച്ചു കൊടുത്തായിരുന്നു വീണ്ടും തട്ടിപ്പ്. പിന്നീട് രണ്ട് ഇ മെയിൽ ഐഡികളിൽ നിന്നു സന്ദേശങ്ങൾ വന്നു തുടങ്ങി. വ്യക്തിഗത വിവരങ്ങളെല്ലാം ശേഖരിച്ച ശേഷം 21,000 രൂപ അയച്ചു കൊടുക്കാൻ നിർദേശിച്ചു. പിന്നീട് വാട്സാപ് ഗ്രൂപ്പിൽ ചേർത്തു. ഒട്ടേറെ അംഗങ്ങളുള്ള ഗ്രൂപ്പിൽ, പലരും നേട്ടങ്ങളെക്കുറിച്ച് പറഞ്ഞും കോടികൾ ലാഭം കിട്ടിയതായി രേഖകൾ കാണിച്ചും പരാതിക്കാരനെ വീഴ്ത്തുകയായിരുന്നു.