വിഷമദ്യ ദുരന്തത്തിൽ മരണം 23 ആയി; മരിച്ചവരിൽ കൂടുതൽ പേരും ഇന്ത്യയിൽ നിന്നുള്ളവർ, രാജ്യത്ത് അതീവ ജാഗ്രത

0
137

കുവൈത്ത് സിറ്റി: വിഷമദ്യ ദുരന്തത്തിൽ മരണം 23 ആയി. കണ്ണൂർ സ്വദേശി ഉൾപ്പെടെ 6 മലയാളികൾ മരിച്ചെന്നാണു സൂചനയെങ്കിലും കൂടുതൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. മരിച്ചവരിൽ കൂടുതൽ പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്. 160 പേരാണ് ഇതുവരെ ചികിത്സ തേടിയത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള 51 പേരുടെ വൃക്ക തകരാറിലായി. ഇവർക്ക് ഡയാലിസിസ് നടത്തുന്നുണ്ട്.

31 പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തുന്നത്. 21 പേർക്കു കാഴ്ച നഷ്ടപ്പെട്ടു. ദുരന്തത്തെ തുടർന്നു രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. വ്യാപക പരിശോധനയും ആരംഭിച്ചിട്ടുണ്ട്. മദ്യനിരോധനമുള്ളതിനാൽ മരിച്ചവരുടെ വിവരങ്ങൾ പുറത്തു വിടുന്നതിൽ കർശന നിയന്ത്രണങ്ങളുണ്ട്. ഇന്ത്യൻ എംബസി ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. 40 ഇന്ത്യക്കാർ ചികിത്സയിലുണ്ടെന്നു മാത്രം പറയുന്ന എംബസി ദുരന്തകാരണം പോലും വെളിപ്പെടുത്തുന്നില്ല.