’25 മിനിറ്റിൽ അവരെ തീർത്തു’; ഓപ്പറേഷൻ സിന്ദൂർ വിശദീകരിച്ച് കേണൽ സോഫിയാ ഖുറേഷി

0
182

പാകിസ്താനെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. പഹല്‍ഗാമില്‍ വീണ ചോരയ്ക്കും മാഞ്ഞ സിന്ദൂരത്തിനും പകരമായാണ് ഇന്ത്യ പാകിസ്താന്റെ മണ്ണില്‍ കയറി ഭീകരരെ അടിച്ചത്. ഈ വിവരം ലോകത്തെ അറിയിക്കാനായി ഇന്ത്യ നിയോഗിച്ചത് രണ്ട് വനിതാ സൈനികോദ്യോഗസ്ഥരെയായിരുന്നു. കരസേനയിലെ കേണല്‍ സോഫിയാ ഖുറേഷിയും വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ വ്യോമികാ സിങ്ങുമാണ് വാര്‍ത്താ സമ്മേളനത്തിലൂടെ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിച്ചത്.

ഇപ്പോഴിതാ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തുറന്നുപറയുകയാണ് ഇന്ത്യയുടെ രണ്ട് വീരപുത്രിമാരും. ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കോന്‍ ബനേഗാ കരോര്‍പതി എന്ന ടെലിവിഷന്‍ ഷോയുടെ സ്വാതന്ത്ര്യദിന പ്രത്യേക എപ്പിസോഡിലാണ് ഇരുവരും ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് കൂടുതല്‍ പറഞ്ഞത്. ഇത്തരമൊരു ഓപ്പറേഷന്‍ നടത്തിയത് എന്തിനായിരുന്നുവെന്ന് കേണല്‍ സോഫിയാ ഖുറേഷി വിശദീകരിച്ചു.

‘പാകിസ്താന്‍ വര്‍ഷങ്ങളായി ഇത് ചെയ്തുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് മറുപടി നല്‍കേണ്ടത് അനിവാര്യമായിരുന്നു. അതുകൊണ്ടാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണം ചെയ്തത്. ഇത് പുതിയ മനോഭാവമുള്ള പുതിയ ഇന്ത്യയാണ്.’ -കേണല്‍ പറഞ്ഞു.

വെറും 25 മിനിറ്റില്‍ ദൗത്യം പൂര്‍ത്തിയാക്കിയെന്ന് വിങ് കമാന്‍ഡര്‍ വ്യോമികാ സിങ് പറഞ്ഞു. ‘അന്ന് പുലര്‍ച്ചെ 01:05 മുതല്‍ 01:30 വരെയുള്ള സമയം, ഞങ്ങള്‍ വെറും 25 മിനിറ്റില്‍ അവരുടെ കളികള്‍ അവസാനിപ്പിച്ചു.’ -വ്യോമികാ സിങ് പറഞ്ഞു.