കാമുകിയുമായി അവിഹിത ബന്ധമെന്ന് സംശയം; നാൽപ്പതുകാരനെ അയൽക്കാരൻ സ്ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിക്കൊന്നു

0
236

പത്തനംതിട്ട കൂടലിൽ നാൽപ്പതുകാരനെ അയൽക്കാരൻ കുത്തിക്കൊന്നത് തന്‍റെ കാമുകിയുമായി അവിഹിത ബന്ധം സംശയിച്ച്. പിതാവിന്‍റെ സഹോദരിക്കൊപ്പം കഴിഞ്ഞിരുന്ന രാജൻ ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. പിടിയിലായ അയൽക്കാരൻ അനിയെ റിമാൻഡ് ചെയ്തു.

കൊല്ലപ്പെട്ട രാജൻ തന്‍റെ പിതൃസഹോദരി അമ്മിണിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. മാതാപിതാക്കൾ മരിച്ചതോടെ നാലുവർഷം മുൻപാണ് അമ്മിണിക്കൊപ്പം താമസമാക്കിയത്. വിജനമായ കനാൽ പുറമ്പോക്കിൽ തൊട്ടടുത്ത് പ്രതി അനിയുടെ വീട് മാത്രമാണുള്ളത്.   ഭാര്യയും മക്കളും പിണങ്ങി പോയതോടെ അനി മറ്റൊരു സ്ത്രീയെ കൂടെ കൂട്ടി.  തന്‍റെ വീട്ടിൽ താമസിപ്പിച്ച ഒരു സ്ത്രീയുമായി രാജന് അടുപ്പമുണ്ടെന്ന് അനി സംശയിച്ചിരുന്നു. ഈ സ്ത്രീ പിന്നീട് അനിയെ വിട്ടുപോയതോടെ,  കാരണം രാജനാണെന്നും അനി വിശ്വസിച്ചു.

കൊല്ലപ്പെട്ട രാജൻ അപ്പച്ചി അമ്മിണിയുടെ വീട്ടിൽ താമസിക്കുന്നതിലും അനിക്ക് എതിർപ്പുണ്ടായിരുന്നു. സ്ഥിരം മദ്യപാനിയായ അനി ഇതിന്‍റെ പേരിൽ പലപ്പോഴും രാജനുമായും അമ്മിണിയുമായും വഴക്കിടാറുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ഞായർ രാത്രി  അമ്മിണി അയൽപക്കത്തെ വീട്ടിൽ കൂട്ടുകിടക്കാൻ പോയ സമയത്താണ് കൊലപാതകം നടന്നത്.

രാത്രി ജോലികഴിഞ്ഞ് എത്തിയ അനി, രാജനെ തെറി വിളിച്ചു. ചോദ്യം ചെയ്യാൻ അനിയുടെ വീട്ടിലെത്തിയപ്പോൾ സ്ക്രൂഡ്രൈവർ കൊണ്ട് രാജന്‍റെ വയറ്റിൽ  കുത്തി.  മദ്യലഹരിയിലായ രാജൻ കുത്തേറ്റെങ്കിലും സ്വന്തം വീട്ടിൽ വന്നു കിടന്നുറങ്ങി.  കുത്തേറ്റ് കുടൽമാല പുറത്തുവന്ന് രക്തം വാർന്നാണ് മരിച്ചത്. മരിക്കും വിധമുള്ള കുത്താണെന്നോ, മരിച്ചുവെന്നോ അനിയും അറിഞ്ഞിരുന്നില്ല.  പിറ്റേന്ന് രാവിലെ വീട്ടിൽ തിരിച്ചെത്തിയ അമ്മിണിയാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന രാജനെ ആദ്യം കണ്ടത്.  ഈ സമയം പ്രതി അനി വീട്ടിൽ ഉണ്ടായിരുന്നു. മരിച്ചു എന്നറിഞ്ഞതോടെയാണ് മുങ്ങിയത്.

സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിയെ സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. വിശദമായ ചോദ്യം ചെയ്യലിന്  ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുത്താൻ ഉപയോഗിച്ച സ്ക്രൂഡ്രൈവറും കണ്ടെടുത്തു.